ആഴക്കടലിൽ ടൈറ്റാനിക് സന്ദർശിക്കാൻ പോയ ടൈറ്റൻ സമുദ്ര പേടകം അപ്രത്യക്ഷമായ സംഭവത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് കാണാതായ ടൈറ്റൻ സമുദ്ര പേടകത്തിലുള്ളത്. ടൈറ്റനിൽ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലായിരുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. 2022ൽ സി.ബി.എസ് ചാനലിന്റെ വാർത്തയിൽ ഡേവിഡ് പോഗ് എന്ന റിപ്പോർട്ടറും 2018ൽ മരീൻ ടെക്‌നോളജി സൊസൈറ്റിയുമാണ് ടൈറ്റന്റെ യാത്രകളുടെ സുരക്ഷയിലുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 3,800 മീറ്റർ(12,500 അടി) ആഴത്തിൽ കടലിന്റെ അടിത്തട്ടിലാണ് ടൈറ്റാനിക്കിന്റെ ഭാഗങ്ങൾ കിടക്കുന്നത്. നമ്മൾ അനുഭവിക്കുന്ന മർദത്തിന്റെ 390 ഇരട്ടിയാണ് ഈ സമുദ്രത്തിന്റെ അടിഭാഗത്തെ മർദം. അതുകൊണ്ടാണ് ടൈറ്റന് കാർബൺ ഫൈബർ കൊണ്ടു നിർമിച്ച അഞ്ച് ഇഞ്ച് കട്ടിയുള്ള പുറംചട്ടയുള്ളത്. പരമാവധി 4,000 മീറ്റർ(13,123 അടി) ആഴത്തിൽ പോവാനാണ് ടൈറ്റന് സാധിക്കുക. സാധ്യമായതിന്റെ ഏതാണ്ട് പരമാവധിയോളം പോവുന്ന യാത്രയാണ് ഈ സമുദ്ര പേടകം നടത്തുന്നത്.
ടൈറ്റനെക്കുറിച്ച് ആദ്യം മനസിലാക്കേണ്ട വിവരങ്ങളിലൊന്ന് അതൊരു മുങ്ങിക്കപ്പലല്ലെന്നും സമുദ്ര പേടകമാണെന്നുമാണ്. ടൈറ്റന് കടലിന് അടിയിലേക്ക് ഊളിയിട്ട് പോവാനും തിരിച്ച് പൊങ്ങിവരാനും സാധിക്കും. എന്നാൽ സ്വയം ഏതെങ്കിലും തുറമുഖത്തിലേക്കോ മറ്റോ സഞ്ചരിക്കാൻ ഇതിന് സാധിക്കില്ല. ഒരു മാതൃകപ്പലിന്റെ സഹായത്തിലാണ് എപ്പോഴും ടൈറ്റൻ പ്രവർത്തിക്കുക. അകത്തു നിന്നും തുറക്കാനാവാത്ത 17 പൂട്ടുകളിട്ടാണ് ടൈറ്റനിലേക്ക് വെളളം കയറാതെ പൂട്ടിയിരിക്കുന്നത്. ചില്ലു ജാലകം വഴിയാണ് യാത്രികർ കടലിലെ കാഴ്ച്ചകൾ ആസ്വദിക്കുന്നത്.
കടലിനടിയിൽ ടൈറ്റാനിക് കിടക്കുന്ന ഉത്തര അറ്റ്‌ലാന്റിക് ഭാഗത്തേക്ക് പോളാർ പ്രിൻസ് എന്ന കപ്പലാണ് ടൈറ്റനെ എത്തിച്ചത്. ഇവിടെ നിന്നും നാദിർ എന്ന ചങ്ങാടത്തിൽ നിന്നാണ് കടലിനടിയിലേക്ക് ഞായറാഴ്ച്ച(ഇന്ത്യൻ സമയം ഉച്ചക്ക് 01.30ന്) ടൈറ്റൻ ഊളിയിട്ടത്. ടൈറ്റന്റെ മാതൃ കപ്പലുമായുള്ള ബന്ധം ഒന്നേ മുക്കാൽ മണിക്കൂറുകൾക്കു ശേഷം നഷ്ടപ്പെടുകയായിരുന്നു. ഓരോ 15 മിനുറ്റിലും പോളാർ പ്രിൻസുമായി ബന്ധം പുതുക്കുന്ന രീതിയിലാണ് ടൈറ്റന്റെ ആശയവിനിമയ സംവിധാനം ക്രമീകരിച്ചിരുന്നത്.
ഏകദേശം മൂന്നു മണിക്കൂറിനുള്ളിൽ കടലിനടിയിൽ ടൈറ്റാനിക് കിടന്ന സ്ഥലത്തേക്ക് ടൈറ്റൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിരവധി മണിക്കൂറുകൾ സഞ്ചാരികൾ ഇവിടെ ചിലവിടും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അടുത്തു കാണാനാവുമെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താനാവുമെന്നുമാണ് സഞ്ചാരികൾക്കുള്ള പ്രധാന ആകർഷണങ്ങളിലൊന്ന്. പൈലറ്റ് ഉൾപ്പടെ അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന ടൈറ്റനിൽ ഒരാൾക്കുള്ള ടിക്കറ്റിന് ഏതാണ്ട് രണ്ടു കോടി രൂപ(2.50 ലക്ഷം ഡോളർ)യാണ് വിലയുള്ളത്.
ടൈറ്റന്റെ മാതൃ കപ്പലുമായുള്ള വാർത്താ വിനിമയ ബന്ധം നേരത്തെയുള്ള യാത്രകളിലും നഷ്ടമായിട്ടുണ്ട്. കടലിനടിയിൽ ജി.പി.എസ് പ്രവർത്തിക്കില്ല. അതുകൊണ്ട് ടെക്സ്റ്റ് മെസേജുകൾ ഓരോ 15 മിനുറ്റിലും മാതൃ കപ്പലിലേക്ക് അയച്ചാണ് ടൈറ്റൻ ബന്ധം നിലനിർത്തുന്നത്. 2022ൽ സിബിഎസ് റിപ്പോർട്ടർ ഡേവിഡ് പോഗുമായി ആഴക്കടലിലേക്ക് നടത്തിയ യാത്രക്കിടയിലും വാർത്താവിനിമയ ബന്ധം നഷ്ടമായിരുന്നു. അന്ന് രണ്ടര മണിക്കൂറാണ് ബന്ധം നഷ്ടമായത്.
മാത്രമല്ല അന്നത്തെ ആഴങ്ങളിലേക്കുള്ള മുങ്ങലുകളിൽ ഒരിക്കൽ പോലും ടൈറ്റാനിക്കിന് അടുത്തേക്കെത്താൻ ടൈറ്റന് സാധിച്ചിരുന്നില്ല. എത്രമാത്രം അപകടം നിറഞ്ഞതാണ് ഈ സമുദ്രയാത്രയെന്നതിന്റെ ഒരു സൂചനയായിരുന്നു അത്. ഡേവിഡ് പോഗിന് മാത്രമല്ല നേരത്തെ ടൈറ്റനിൽ യാത്ര പോയ മൈക് റെയിസ് എന്ന ടി.വി കോമഡി എഴുത്തുകാരനും സമാനമായ അനുഭവമുണ്ടായി.
ടൈറ്റനിലുള്ള ഓരോ യാത്രക്കും മുമ്പ് ഓഷ്യൻ ഗേറ്റ് യാത്രികരെ ഒരു സമ്മതപത്രത്തിൽ ഒപ്പിടീക്കുക പതിവുണ്ട്. ഇതു വായിക്കുമ്പോൾ തന്നെ പേടിക്കുമെന്നാണ് ഡേവിഡ് പോഗ് പറയുന്നത്. ‘ഏതെങ്കിലും സർക്കാർ സംവിധാനങ്ങളോ റെഗുലേറ്ററി ബോഡിയോ അനുമതി നൽകിയിട്ടുള്ളതല്ല ഈ പരീക്ഷണ വാഹനം. ഈ യാത്രയുടെ ഭാഗമായി പരിക്കോ, മാനസിക പ്രശ്‌നങ്ങളോ മരണം വരെയോ സംഭവിക്കാൻ സാധ്യതയുണ്ട്’ എന്നാണ് ഓഷ്യൻഗേറ്റിന്റെ യാത്രക്കു മുമ്പുള്ള സമ്മതപത്രത്തിൽ പറയുന്നത്.
മരീൻ ടെക്‌നോളജി സൊസൈറ്റിയും ഇതേ പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഓഷ്യൻഗേറ്റ് സി.ഇ.ഒക്ക് വർഷങ്ങൾക്കു മുമ്പ് കത്തെഴുതിയത്. അറുപത് വർഷത്തോളമായി സമുദ്ര പര്യവേഷണ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണിത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കുള്ള ടൈറ്റന്റെ യാത്രകളിൽ ആശങ്കയുണ്ടെന്നു തന്നെയാണ് ഇവർ പറഞ്ഞിരുന്നതെന്നാണ് ടൈംസ് റിപ്പോർട്ടു ചെയ്തത്. ഇത്തരം നിലവാരങ്ങളേക്കാളും ഉയരത്തിലാണ് ടൈറ്റൻ എന്ന പ്രചാരണമാണ് ഓഷ്യൻഗേറ്റ് നടത്തിയിരുന്നത്.
ടൈറ്റന്റെ കാര്യത്തിലെ പ്രധാന ആശങ്കയായി പോഗ് അടക്കമുള്ളവർ ഉയർത്തിക്കാണിച്ചത് രക്ഷപ്പെടാൻ മറ്റൊരു മാർഗമില്ലെന്നതാണ്. കടലിൽ ഏതെങ്കിലും ഭാഗത്ത് കുടുങ്ങി പോവുകയോ ചോർച്ച സംഭവിക്കുകയോ ചെയ്താൽ ടൈറ്റൻ എന്ന സമുദ്രപേടകത്തിന് രക്ഷപ്പെടാൻ മറ്റു മാർഗങ്ങളില്ല. അമേരിക്കൻ നാവിക സേന പോലും മുങ്ങിക്കപ്പലുപയോഗിച്ച് പരമാവധി 2000 അടി വരെ മാത്രമാണ് രക്ഷാപ്രവർത്തനം നടത്താറ്. അതുകൊണ്ടൊക്കെയാണ് 12,500 അടി ആഴത്തിൽ കിടക്കുന്ന ടൈറ്റാനിക്കിനേ തേടി പോയ ടൈറ്റനെ കണ്ടെത്തുകയെന്നത് നിരവധി വെല്ലുവിളികളുള്ള ലക്ഷ്യമായി മാറുന്നത്.