5 യാത്രക്കാരുമായി ടൈറ്റൻ എവിടെപ്പോയി?..പേടകത്തിലെ ഓക്‌സിജന്‍ തീരുന്നു

Advertisement

ടൈറ്റാനിക്‌ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ ചെറു അന്തർവാഹിനി ‘ടൈറ്റനു’വേണ്ടി തിരച്ചില്‍ തുടരുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ, ഏതാണ്ട്‌ 12,500 അടി താഴ്‌ചയിൽ പേടകം ഉണ്ടെന്ന നിഗമനത്തിലാണ്‌ തിരച്ചിൽ ഏകോപിപ്പിക്കുന്ന അമേരിക്കയും കാനഡയും. വന്‍ സന്നാഹങ്ങളോടെയുള്ളതിരച്ചിൽ ആണ് പുരോഗമിക്കുന്നത്. പേടകത്തിലെ ഓക്‌സിജന്‍ തീരുന്നുവെന്ന റിപ്പോര്‍ട്ടും ആശങ്കയുയര്‍ത്തുന്നു. വ്യാഴം പുലര്‍ച്ചെവരെയുള്ള ഓക്സിജന്‍ മാത്രമേ പേടകത്തില്‍ ഉണ്ടാകു. രണ്ടുദിവസംമുമ്പ്‌ അഞ്ചുപേരുമായി പേടകം കാണാതായ ഇടത്ത്‌ സമുദ്രാന്തർഭാഗത്തുനിന്ന്‌ ശബ്ദതരംഗങ്ങൾ കേട്ടെന്ന് റിപ്പോർട്ടുണ്ട്‌. ചൊവ്വാഴ്‌ച അര മണിക്കൂർ ഇടവിട്ടാണ്‌ മുഴക്കംപോലുള്ള ശബ്ദം കേട്ടത്‌. കനേഡിയൻ വിമാനത്തിലെ സോനാർ ഉപകരണങ്ങളാണ് ശബ്ദം പിടിച്ചെടുത്തത്. പിന്നീട്‌ റോബോട്ടുകളെ സമുദ്രാന്തർഭാഗത്ത്‌ അയച്ച്‌ പരിശോധന നടത്തിയെങ്കിലും ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തായില്ല. കൂടുതല്‍ കപ്പലുകള്‍ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഞായർ പുലർച്ചെ ആറിന്‌ പുറപ്പെട്ട ടൈറ്റനുമായുള്ള ബന്ധം 1.45 മണിക്കൂറിനുള്ളിൽ നഷ്ടമാവുകയായിരുന്നു. ബ്രിട്ടീഷ്‌ കോടീശ്വരൻ ഹാമിഷ്‌ ഹാർഡിങ്‌, ഫ്രഞ്ച്‌ ഡൈവർ പോൾ ഹെൻറി, പാക്‌ വ്യവസായി ഷഹസാദ്‌ഷാ ദാവൂദ്‌, മകൻ സുലേമാൻ, പേടകം പ്രവർത്തിപ്പിക്കുന്ന സാഹസിക വിനോദസഞ്ചാര കമ്പനി ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌ടൺ റഷ്‌ എന്നിവരാണ്‌ സഞ്ചാരികൾ.

Advertisement