ഭാര്യക്ക് മയക്കുമരുന്ന് നൽകി അന്യപുരുഷന്മാരെ കിടപ്പറയിലേക്ക് ക്ഷണിക്കും; 51 വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ

Advertisement

പാരിസ്: ഫ്രാൻസിൽ നടന്ന കൊ‌ടുംകുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്ത്. ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നൽകി അന്യപുരുഷന്മാർക്ക് ബലാത്സം​ഗം ചെയ്യാൻ സൗകര്യം നൽകിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദ ടെലിഗ്രാഫാണ് വാർത്ത റിപ്പോർട്ട് ചെ‌യ്തത്. 10 വർഷമാണ് ഇയാൾ ഭാര്യയെ ഉപദ്രവിച്ചത്. 92 ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 26 നും 73 നും ഇടയിൽ പ്രായമുള്ള അമ്പത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ പൊലീസ് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫയർമാൻ, ലോറി ഡ്രൈവർ, മുനിസിപ്പൽ കൗൺസിലർ, ബാങ്കിലെ ഐടി ജീവനക്കാരൻ, ജയിൽ ഗാർഡ്, നഴ്‌സ്, പത്രപ്രവർത്തകൻ എന്നിവരെല്ലാം ഉൾപ്പെടുന്നവരാണ് പ്രതികൾ. ഡൊമിനിക് എന്നാണ് അറസ്റ്റിലായ ഭർത്താവിന്റെ പേര്. ഭക്ഷണത്തിൽ ആൻറി-ആക്‌സൈറ്റി മരുന്നായ ലോറാസെപാം കലർത്തിയാണ് ഇയാൾ ഭാര്യയെ മയക്കിക്കിടത്തിയിരുന്നത്. ഭാര്യയെ മയക്കിയ ശേഷം ഇയാൾ അതിഥികളെ മാസാനിലെ വീട്ടിലേക്ക് ക്ഷണിക്കും. ഉറങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്യും. ദൃശ്യങ്ങൾ ഇയാൾ പെൻ ഡ്രൈവിൽ “അബ്യൂസ്” എന്ന ഫയലിലാണ് സൂക്ഷിച്ചിരുന്നത്. പെൻഡ്രൈവ് പൊലീസിന് ലഭിച്ചു.

2011 നും 2020 ഇടയിലാണ് ബലാത്സംഗം നടന്നതെന്നും മിക്ക പുരുഷന്മാരും ഒന്നിലധികം തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്ലീല പ്ലാറ്റ്ഫോമിൽ ഇയാൾ പുരുഷന്മാരുമായി സമ്പർക്കം പുലർത്തിയിരുന്നു. ഭാര്യയെ ഉണർത്താൻ ഇടയാക്കുന്ന രൂക്ഷഗന്ധം ഒഴിവാക്കാൻ ഡൊമിനിക് പുകയിലയും പെർഫ്യൂമും നിരോധിച്ചിരുന്നു. ചൂടുവെള്ളത്തിൽ കൈകൾ കഴുകിയാണ് കിടപ്പറയിലേക്ക് അയച്ചിരുന്നത്. അപരിചിതർ വീട്ടിൽ വരുന്നത് അയൽക്കാർ അറിയാതിരിക്കാൻ അകലെ‌യാണ് വാഹനങ്ങൾ പാർക്ക് ചെയ്യിച്ചിരുന്നത്. ഉഭയസമ്മതപ്രകാരമല്ല ബന്ധത്തിലേർപ്പെടുന്നതെന്ന് അറിയില്ലെന്ന് അറസ്റ്റിലായവരിൽ ചിലർ പറഞ്ഞു. ഡൊമിനിക് ഒരിക്കലും അക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വരുന്നവർക്ക് താൽപര്യമില്ലെങ്കിൽ പോകാനുള്ള അനുവാദമുണ്ടായിരുന്നു.

വസ്ത്രം മാറുന്ന മുറികളിൽ ഒളിക്യാമറ ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് 2020-ൽ ഡൊമിനിക്കിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലാണ് ബലാത്സംഗ വീഡിയോകൾ പൊലീസ് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് യുവതിയോട് പറഞ്ഞപ്പോൾ അവർ ഞെട്ടിയെന്നും മാനസികമായി തകർന്നെന്നും പൊലീസ് പറഞ്ഞു. യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി.