സോൾ: രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വർഷങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയയിലാണ് സംഭവം.
സാമ്പത്തിക പ്രയാസം കാരണമാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നാണ് യുവതി പറയുന്നത്. യുവതിക്ക് 12, 10, 8 വയസ് പ്രായമുള്ള മറ്റ് മൂന്ന് കുട്ടികളും കൂടിയുണ്ട്. സാമ്പത്തിക പ്രയാസം കാരണം മൂന്ന് കുട്ടികളെ തന്നെ പരിപാലിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് പിന്നീടുണ്ടായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയതെന്നും 30കാരിയായ യുവതി പറഞ്ഞതായി ജിയോങ്ഗി നമ്പു പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
നവജാതശിശുക്കൾ മരിക്കുമ്പോൾ ഒരു ദിവസം മാത്രമായിരുന്നു പ്രായമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 2018 നവംബറിൽ ആശുപത്രിയിൽ ജനിച്ച നാലാമത്തെ കുഞ്ഞിനെയാണ് യുവതി ആദ്യം കൊലപ്പെടുത്തിയത്. പ്രസവിച്ചതിന്റെ പിറ്റേന്ന് അവൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു. തന്റെ അഞ്ചാമത്തെ കുട്ടിയെ 2019 നവംബറിൽ പ്രസവിച്ചു. സമാനമായി ഈ കുഞ്ഞിനെയും കൊലപ്പെടുത്തി. രണ്ട് കുട്ടികളെയും ഗർഭച്ഛിദ്രം ചെയ്തുവെന്നാണ് സ്ത്രീ പറഞ്ഞിരുന്നത്. അതിനാൽ ആരും സംശയിച്ചില്ല.
ആശുപത്രിയിൽ അവരുടെ ജനനങ്ങളുടെ രേഖയുണ്ടെങ്കിലും മെയ് മാസത്തിൽ ഗവൺമെന്റിന്റെ ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്‌പെക്‌ഷൻ വിഭാഗത്തിൽ ശിശുക്കളുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. ജൂൺ 21ന്, യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ യുവതി കൊലപാതകം സമ്മതിച്ചതായി പൊലീസ് പറയുന്നു.