ഉയരക്കുറവിനാൽ യുവതികൾ ഒഴിവാക്കി; 66 ലക്ഷം മുടക്കി ഉയരം കൂട്ടി യുവാവ് !

Advertisement

ജോർജിയ: ഓരോരുത്തരുടെയും ശരീര പ്രകൃതി അവരുടെ മുൻതലമുറയുടേതുമായി ബന്ധിപ്പെട്ടിരിക്കും. നീളം കൂടിയ അച്ഛനമ്മമാരുടെ കുട്ടി മിക്കവാറും നീളം കൂടിയ ആളായിരിക്കും അത് പോലെ തന്നെ തിരിച്ചും.

അപൂർവ്വമായി മാത്രമാകും ഇതിനൊരു അപവാദമുണ്ടാവുക. ഇത്തരത്തിൽ നമ്മുടേതല്ലാത്ത കാരണത്താൽ പരമ്പര്യമായി കൈമാറിക്കിട്ടുന്ന ചില പ്രത്യേകതകൾ മറ്റുള്ളവരിൽ നിന്നും നമ്മളെ വ്യത്യസ്തരാക്കുമെങ്കിലും ചിലപ്പോഴെങ്കിലും അത് ആളുകൾക്ക് പരിഹസിക്കാനുള്ള മാർഗ്ഗമായി മാറുന്നു.

ഇത്തരത്തിൽ ഉയരം കുറവായതിനാൽ സമപ്രായക്കാരായ യുവതികൾ ഒഴിവാക്കുകയാണെന്നും പലരും തൻറെ ഓഫറുകൾ നിരസിക്കുകയാണെന്നും പരാതിപ്പെട്ട യുവാവ്, ഒടുവിൽ തൻറെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ തീരുമാനിച്ചു. അങ്ങനെ 27 കാരനായ ജോർജിയയിൽ നിന്നുള്ള നേവി വെറ്ററൻ ഡിൻസൽ സിഗേഴ്‌സ് ഒടുവിൽ തൻറെ ഉയരം കൂട്ടാൻ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയകൾക്കായി അദ്ദേഹം മുടക്കിയതാകട്ടെ 66 ലക്ഷം രൂപയും! അതും 7 ഇഞ്ച് ഉയരം വെയ്ക്കാൻ.

നിലവിൽ 5 അടി 5 ഇഞ്ച് ഉയരമാണ് ഡിൻസൽ സിഗേഴ്‌സിനുള്ളത്. ഇനി ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിൻറെ ഉയരം ആറ് അടിയായി ഉയരും. ഇതിനായി ശസ്ത്രക്രിയയിലൂടെ കാലുകളുടെ നീളമാണ് കൂട്ടുന്നത്. ഉയരക്കുറവിനെ തുടർന്നുള്ള പരിഹാസങ്ങൾ തുടർക്കഥയായതോടെയാണ് എന്തു വില നൽകിയും തൻറെ ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായതെന്നാണ് ന്യൂയർ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഡിൻസൽ പറയുന്നത്. ഉയരം കുറവായതിനാൽ യുവതികൾ തന്നോട് സൗഹൃദപരമായി പോലും പെരുമാറാൻ പലപ്പോഴും മടി കാണിച്ചിട്ടുണ്ടെന്നാണ് ഡിൻസൽ പറഞ്ഞത്.

ഈയൊരു പ്രശ്നം കാരണം തനിക്ക് ഇതുവരെയും ഒരു പ്രണയിനിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൗമാരകാലം മുതൽ നേരിടേണ്ടിവന്ന ഇത്തരം തിരസ്കരണങ്ങൾ തൻറഎ ആത്മവിശ്വാസത്തെ തന്നെ കുറച്ചു കളഞ്ഞുവെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കഠിനമായ തീരുമാനം എടുത്തതെന്നുമാണ് സിഗേഴ്‌സ് പറയുന്നത്. ഉയരം എങ്ങനെ കൂട്ടാമെന്ന് നിരവധി വർഷക്കാലമായി താൻ അന്വേഷണിക്കുകയായിരുന്നു. ഒടുവിലാണ് ഇത്തരത്തിലൊരു പരിഹാരം കണ്ടെത്താൻ സാധിച്ചത്. 90 ദിവസം നീണ്ടുനിൽക്കുന്ന ആറ് ശസ്ത്രക്രിയകളാണ് അദ്ദേഹത്തിൻറെ കാലുകളിൽ ചെയ്യുക. അസ്ഥികളുടെ വളർച്ച പൂർണ്ണമായും സാധ്യമായി ആരോഗ്യം പൂർവസ്ഥിതിയിലാകാൻ ഒരു വർഷത്തോളമെങ്കിലും വേണം.

Advertisement