മോസ്കോ:
റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്. വാഗ്‌നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു. സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്‌നര്‍ സേനയുടെ മോസ്‌കോ മാര്‍ച്ച് നിര്‍ത്തിവച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ്. അദ്ദേഹം തന്റെ ഔദ്യോഗിക വസതിയില്‍ ജോലി തിരിക്കിലാണെന്ന് ദിമിത്രി പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ആരംഭിച്ചതിന് പിന്നാലെ, മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം.
അതേസമയം, മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നര്‍ സേന, മോസ്‌കോയുടെ 360 കിലോമീറ്റര്‍ അകലത്താണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഗ്നര്‍ പടയാളികള്‍ ലിപ്‌സ്റ്റെക് പ്രവിശ്യയില്‍ പ്രവേശിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. ചില റഷ്യന്‍ സൈനികരുടെ പിന്തുണയും വാഗ്നര്‍ ഗ്രൂപ്പിന് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെകൂടെ സഹായത്താല്‍ ആണ് ദക്ഷിണ റഷ്യന്‍ നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത് എന്നാണ് സൂചന. അതേസമയം, വാഗ്നറിന് എതിരെ റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെ, വാഗ്‌നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്‌കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുമുണ്ട്.റഷ്യയിലെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു. സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.