മോസ്കോ: റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്നര്‍ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും നിന്ന് താത്കാലിക പിന്‍വാങ്ങല്‍. ലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് വിമത നീക്കം അവസാനിക്കുന്നത്. വാഗ്നർ സംഘത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് ബെലറൂസ് പ്രസിഡന്‍റ് ഉറപ്പ് നൽകി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ പ്രഗോഷിൻ ശബ്ദ സന്ദേശം പുറത്ത് വിട്ടു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്‌നര്‍ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ ചര്‍ച്ച നടത്തിയിരുന്നു.
റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലാറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. ചർച്ചക്ക് പിന്നാലെയാണ് മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്‌നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ പ്രിഗോസിൻ സമ്മതിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.നേരത്തേ മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്നർ പട്ടാളം രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തിരുന്നു.
റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുട്ടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രസ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്‍നർ ഗ്രൂപ്പ് അംഗീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്നാണ് പ്രിഗോഷിൻ പ്രതികരിച്ചത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേന അവര്‍ക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുടിനും ഒറ്റ ദിവസം കൊണ്ട് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.