തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍,ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും

Advertisement

ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും. തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ എത്തിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്ന് രാത്രി തന്നെ മിനായിലേക്ക് നീങ്ങിത്തുടങ്ങും. 20 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങും. നാളെ ഉച്ചയ്ക്ക് മുമ്പായി ഏതാണ്ട് എല്ലാ തീര്‍ഥാടകരും മിനായിലെ തമ്പുകളില്‍ എത്തിച്ചേരും. മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഹറം പള്ളിയില്‍ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന തിരക്കിലാണ് ഇപ്പോള്‍ തീര്‍ഥാടകര്‍.
നാളെ ഉച്ചയ്ക്ക് ശേഷം മിനായില്‍ താമസിക്കുക എന്നതാണു ഹജ്ജിന്‍റെ ആദ്യത്തെ കര്‍മം. ചൊവ്വാഴ്ചയാണ് ഹജ്ജിന്‍റെ പ്രധാന കര്‍മമായ അറഫാ സംഗമം. നാളെ മിനായില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ മറ്റന്നാള്‍ രാവിലെ അറഫയിലേക്ക് നീങ്ങും.

മീന, അറഫ, മുസ്ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മിനായില്‍ നിന്നു മടങ്ങും. 160 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഒന്നേ മുക്കാല്‍ ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീര്‍ഥാടകരാണ് ഹജ്ജിന് എത്തിയിരിക്കുന്നത്.

Advertisement