ബാങ്കുകളിലും മറ്റും പോയി നോട്ടുകൾ മാറിയെടുക്കാൻ സമയമില്ലാത്തവർക്കായി വീട്ടുപടിക്കൽ 2,000 രൂപ നോട്ടുകൾ മാറാൻ സൗകര്യമൊരുക്കി ആമസോൺ പേ. മാറ്റിയെടുക്കേണ്ടതായുള്ള 2000 ത്തിന്റെ നോട്ടുകൾ ആമസോൺ പേ ബാലൻസ് ആയി ആമസോൺ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. അപ്പോൾ തന്നെ തുക ഡിജിറ്റൽ വാലറ്റിലുമെത്തും . ഈ തുക ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങാനും മറ്റും ഉപയോഗിക്കാം. വീടുകളിൽ ഇതേ തുകക്ക് ആമസോൺ സാധനങ്ങൾ എത്തിക്കുമ്പോഴും 2,000 രൂപ നൽകാം ആമസോണിന്റെ പുതിയ ക്യാഷ് ലോഡ് ഫീച്ചർ പ്രകാരം മിനിറ്റുകൾക്കുള്ളിൽ 2,000 രൂപ നോട്ടുകൾ മാറാം.
2000 ത്തിന്റെ കറൻസികൾ കൈമാറ്റം ചെയ്യുന്നതിന് ബുദ്ധിമുട്ടുന്നവർക്ക് ആമസോണിന്റെ ഡോർസ്റ്റെപ് സേവനം വലിയ ആശ്വാസമാകും. ഉപഭോക്താക്കൾക്ക് പ്രതിമാസം 50,000 രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാമെന്ന് ആമസോൺ അറിയിച്ചു. ആമസോൺ പേയുടെ ഡോർസ്റ്റെപ്പ് സേവനം വഴി ഡിജിറ്റൽ ഇടപാടുകൾക്കായി ഈസിയായി 2000 രൂപ നോട്ടുകൾ ഉപഭോക്താക്കൾക്ക് മാറ്റിയെടുക്കാം. ഈ തുക ഉപയോക്താക്കൾക്ക് ഓൺലൈൺ ഷോപ്പിംഗ്, റീട്ടെയിൽ കടകളിൽ ബാർക്കോഡ് സ്‌കാനിംഗ് വഴിലുള്ള പേമെന്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കാം. ഈ പണം മറ്റു അക്കൗണ്ടുകളിലേയ്ക്കും, ഉപഭോക്തൃ അക്കൗണ്ടുകളിലേയ്ക്കും മാറ്റുകയും ചെയ്യാം.
ഈ സൗകര്യം ലഭ്യമാക്കുന്നതിന്, ഉപഭോക്താക്കൾ ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പൂർത്തിയാക്കണം, ഇതിന് ഏകദേശം പത്ത് മിനിറ്റ് സമയം എടുക്കും. മെയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചതായി പ്രഖ്യാപിച്ചത്; നിലവിലുള്ള നോട്ടുകൾ സെപ്തംബർ 30നകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാവുന്നതുമാണ്.