ലോകം മൊത്തം വിറ്റു; ഒടുവിൽ, ‘കുട്ടിസ്രാവ്’ കളിപ്പാട്ടം തിരിച്ച് വിളിച്ച് കമ്പനി

Advertisement

ന്യൂയോർക്ക്: ആമസോൺ, കെമാർട്ട്. ഇബൈ, ക്രേസി സെയിൽസ് തുടങ്ങിയ ഓൺലൈൻ വില്പന സൈറ്റുകൾ വഴി ലോകമെമ്പാടും വിൽക്കുകയും ഓസ്‌ട്രേലിയയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ ബേബി ഷാർക്ക് കളിപ്പാട്ടം കമ്പനി തിരിച്ച് വിളിച്ചു. കളിപ്പാട്ടത്തിൽ വലിയ തോതിൽ പോട്ടലുകളും പോറലുകളും ഉണ്ടെന്നും കളിപ്പാട്ടം ഉപയോഗിച്ച നിരവധി കുട്ടികൾക്ക് പിരക്കേറ്റെന്നുമുള്ള പരാതിയെ തുടർന്നാണ് കളിപ്പാട്ടം തിരിച്ച് വിളിക്കാൻ കളിപ്പാട്ട കമ്പനിയായ സുറു തീരുമാനിച്ചത്.

സ്രാവിൻറെ രൂപത്തിലുള്ള ഈ കളിപ്പാട്ടം കുട്ടികളെ കുളിപ്പിക്കുമ്പോൾ ബാത്ത് ടബ്ബിലോ നീന്തൽക്കുളത്തിലോ ഉപയോഗിക്കുന്ന തരം കളിപ്പാട്ടമാണിത്. കളിപ്പാട്ടം ഉപയോഗിച്ചതിലൂടെ 12 ഓളം കുട്ടികൾക്ക് പരിക്കേറ്റതായി പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് കമ്പനി കളിപ്പാട്ടം പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിൽ ഒമ്പതോളം കുട്ടികൾക്ക് മുറിവുകളിൽ തുന്നലുകളോ മറ്റ് വൈദ്യ സഹായമോ വേണ്ടിവന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനുമായി സഹകരിച്ച സുറു തങ്ങളുടെ ബേബി ഷാർക്ക്, മിനി ബേബി ഷാർക്ക് ബാത്ത് ടോയ്‌സ് ഇനത്തിൽപ്പെട്ട 75 ലക്ഷം കളിപ്പാട്ടങ്ങളാണ് തിരിച്ച് വിളിച്ചത്.

പൂർണ്ണ വലിപ്പത്തിലുള്ള കളിപ്പാട്ടത്തിന് മൂക്ക് മുതൽ വാൽ വരെ ഏകദേശം 18 സെൻറീമീറ്റർ നീളമാണ് ഉള്ളത്. ഒരെണ്ണമോ മൂന്നെണ്ണമോ അടങ്ങുന്ന പാക്കുകളിലായാണ് ഇവ വിൽക്കുന്നത്. അതു പോലെതന്നെ ഇൻററാക്റ്റീവ് വാട്ടർ മ്യൂസിക് പാർക്ക് പ്ലേ സെറ്റിനോടൊപ്പവും ഇവ വിൽക്കുന്നു. ഇവയുടെ ചെറിയ പതിപ്പിന് ഏതാണ്ട് 12 സെൻറീ മീറ്ററാണ് നീളം. പിങ്ക്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലും ഇവ ലഭ്യമാണ്. എന്നാൽ, ഓസ്ട്രേലിയൻ പ്രൊഡക്റ്റ് സേഫ്റ്റി ഇതുവരെയായും കളിപ്പാട്ടങ്ങൾ തിരിച്ച് വിളിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ കളിപ്പാട്ടം ഉപയോഗിക്കുന്നവർ, അവയുടെ ഉപയോഗം ഒഴിവാക്കണമെന്നും ഉത്പ്പന്നത്തിൽ സുരക്ഷാ പ്രശ്നമുണ്ടെന്നും കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ 2023 ൽ തന്നെ കമ്പനി ഇറക്കിയ സോഫ്റ്റ് സിലിക്കൺ ടോപ്പ് ഫിൻ ഉള്ള കളിപ്പാട്ടങ്ങൾ തിരിച്ച് വിളിച്ചിട്ടില്ല.

ന്യൂസിലൻറുകാരായ നിക്ക് മൗബ്രേയും സഹോദരനും യഥാക്രമം 18 ഉം 22 വയസുള്ളപ്പോഴാണ് സുറു എന്ന കളിപ്പാട്ടക്കമ്പനി ആരംഭിക്കുന്നത്. 2005 ൽ ഇരുവരും ചൈനയിൽ തങ്ങളുടെ ഫാക്ടറി ആരംഭിച്ചു. 2015 ൽ സുറു ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട കമ്പനിയായി മാറി. 2020 ൽ കമ്പനിക്ക് കീഴിൽ 8,500 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ലോകമെമ്പാടുമായി 26 ഓളം ഓഫീസുകളും ഇവർക്കുണ്ട്. വർഷം 100 കോടി ഡോളറിൻറെ വാർഷിക വിറ്റുവരവുള്ള കമ്പനിയാണ് ഇന്ന് സുറു.