ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അമേരിക്കൻ എംബ്രയർ E175 വിമാനത്തിന് മിന്നലേറ്റു. വീഡിയോകളിൽ വിമാനത്തിൻറെ ഏറ്റവും പുറകിൽ ഉയർന്നു നിൽക്കുന്ന ഭാഗത്ത് മിന്നൽ വീഴുന്ന ദൃശ്യം വ്യക്തമാണ്.
ഈ സമയം വിമാനത്തിന് ചുറ്റും അഭൗമമായ ഒരു പ്രകാശം സെക്കൻറ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. എന്നാൽ യാത്രക്കാർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയർവേയ്സ് അറിയിച്ചു. അർക്കൻസാസ് വിമാനത്താവളത്തിൽ വിമാനം ടേയ്ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മിന്നൽ വീണത്. ഈ സമയം വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Breaking Aviation News & Videos ട്വിറ്ററിൽ പങ്കുവച്ച് വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അർക്കൻസാസിൽ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ഈ സമയം എയർപോർട്ടിൽ മറ്റൊരു വിമാനത്തിനായി കാത്ത് നിൽക്കുകയായിരുന്ന ജേസൺ വില്യം ഹാം എന്ന ക്യാമറാമാനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ‘അത് വിമാനത്തിൽ അടിച്ചെന്ന് താൻ കരുതുന്നില്ലെന്ന്’ പറയുന്ന ഹാമിൻറെ ശബ്ദം വീഡിയോയിൽ കേൾക്കാം. തൊട്ട് മുമ്പ് പതിച്ച മറ്റൊരു മിന്നലിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിൻറെ വാക്കുകൾ പറഞ്ഞ് തീരും മുമ്പ് അടുത്ത മിന്നൽ വിമാനത്തിൻറെ വാലിൽ പതിക്കുകയായിരുന്നു. തൊട്ട് പിന്നാലെ ശക്തമായ ഇടിയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഈ സമയം ചുറ്റുമുള്ളവർ ആവേശത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ വ്യക്തം. ഇതിനിടെ ‘അയ്യോ അത് നല്ലതല്ലെന്ന്’ ആരോ പറയുന്നതും കേൾക്കാം. ‘വിമാനത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും നീണ്ട കാത്തിരിപ്പിന് ശേഷം അത് ടേയ്ക്കോഫ് ചെയ്തെന്നും ഹാം പിന്നീട് പറഞ്ഞു.
സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് വിമാനം യാത്ര തുടർന്നു. ഇത് ആദ്യമായല്ല വിമാനത്തിന് മിന്നൽ അടിക്കുന്നത്. ഇതിന് മുമ്പ് 30,000 അടി ഉയരത്തിൽ പറക്കുമ്പോൾ ബോയിംഗ് 737 മാക്സ് വിമാനത്തിനും 37,000 അടി ഉയരത്തിൽ പറക്കുമ്പോൾ ലുഫ്താൻസ ഫ്ലൈറ്റ് 469 നും ഇതിന് മുമ്പ് മിന്നലേറ്റിരുന്നു. അന്നൊക്കെ യാത്രക്കാർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.