ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കൊച്ചുമക്കൾക്ക് കോടീശ്വരനായ മുത്തശ്ശൻ സമ്മാനമായി നൽകിയത് 10.44 കോടി രൂപയുടെ വീട്. ഇതിന് പുറമേ കുഞ്ഞിന് 52 കോടി രൂപയുടെ ട്രസ്റ്റ് ഫണ്ടും ലഭിക്കും.
കോടീശ്വരനായ ബാരി ഡ്രെവിറ്റ് – ബാർലോയാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തൻറെ കൊച്ചുമകൾക്ക് കോടികളുടെ സമ്പാദ്യം നൽകിയത്. ബാരിയുടെ മകൾ സാഫ്രോൺ ഡ്രെവിറ്റ് – ബാർലോയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്നതിനാൽ കുട്ടി ഇപ്പോഴും ഇൻക്യുബേറ്ററിലാണെന്ന് വാർത്തകൾ പറയുന്നു.
നവജാത ശിശുവിൻറെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് ബാരി തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. തൻറെ മകൾക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്നും രണ്ടാഴ്ച കാലത്തോളം നീണ്ടുനിന്ന ആശങ്കകൾ ഒടുവിലാണ് തൻറെ രാജകുമാരി എത്തിയതെന്നുമായിരുന്നു ബാരിയുടെ പോസ്റ്റ്. മറീന ഡ്രെവിറ്റ് – ബാർലോ – ടക്കറെ എന്നാണ് കുഞ്ഞിൻറെ പേര്. തൻറെ കൊച്ചുമകൾക്കുള്ള സമ്മാനമായി താനൊരു വീട് വാങ്ങിയതായും അവൾക്കായി വീട് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 11 കോടിയോളം രൂപ വിലമതിക്കുന്നതാണ് അദേഹം കൊച്ചുമകൾക്ക് സമ്മാനമായി വാങ്ങിയ വീടെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെയാണ് 52 കോടിയുടെ മറ്റ് ആസ്തികളും കുഞ്ഞിനെ തേടിയെത്തുന്നത്.
ഒമ്പത് വയസ്സുള്ള ഒരു ആഫ്രിക്കൻ കുട്ടി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണെന്ന് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു, നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മോംഫ ജൂനിയർ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ആ ശതകോടീശ്വരൻ. ആറാമത്തെ വയസ്സിലാണ് ഈ ബാലൻ തൻറെ ആദ്യത്തെ മാളികയുടെ ഉടമയായത്. നിരവധി ആഡംബര മാളികകളും സൂപ്പർ കാറുകളും പ്രൈവറ്റ് ജെറ്റും ഉൾപ്പെടെയുള്ള കോടികളുടെ സമ്പാദ്യമാണ് മോംഫ ജൂനിയറിനുള്ളത്. മുഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫ ജൂനിയറിൻറെ യഥാർത്ഥ പേര്. തൻറെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ 27,000 -ത്തോളം ഫോളോവേഴ്‌സുള്ള ഒരു “ബേബി ഇൻഫ്ലുവൻസർ” ആണ് മോംഫ. ഇദ്ദേഹത്തിൻറെ ആഡംബര ജീവിതശൈലി കാണിക്കുന്ന വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്.