15 മിനിറ്റ് പഠനം, 3 മണിക്കൂർ തല്ലുകൂടൽ; സാമൂഹിക മാധ്യമത്തിൽ ചിരി പടർത്തി ആറ് വയസുകാരൻറെ ടൈംടേബിൾ‍!

Advertisement

പഠനകാലത്ത് മറ്റുള്ളവരുടെ ഉപദേശത്തിൻറെയും സമ്മർദ്ദത്തിൻറെയും ഫലമായി ടൈംടേബിൾ വച്ച് പഠിക്കാൻ ശ്രമിക്കാത്തവർ വളരെ കുറവായിരിക്കും. നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിൽ സ്വന്തമായി നിർമ്മിച്ച ടൈംടേബിൾ ഉപയോഗിച്ച് പഠിച്ച് ഉന്നതവിജയം നേടുന്നു. അതിൽ പഠിക്കാനും കളിക്കാനും ഓക്കെയുള്ള സമയം അടയാളപ്പെടുത്തിയിട്ടുണ്ടാകും. ചിലപ്പോഴെങ്കിലും മാതാപിതാക്കളും കുട്ടികൾക്ക് ടൈംടേബിൾ തയ്യാറാക്കി കൊടുത്തേക്കാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തമായി ഒരു ടൈംടേബിൾ തയ്യാറാക്കിയിരിക്കുകയാണ് ഒരു ആറു വയസ്സുകാരൻ. ആ ടൈംടേബിൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഈ ടൈംടേബിളിൽ കളിക്കാനും പഠിക്കാനും മാത്രമല്ല സമയം മാറ്റി വെച്ചിരിക്കുന്നത് തല്ലു കൂടാനും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ഇരുന്ന് മാമ്പഴം തിന്നാനും വരെ സമയം മാറ്റിവെച്ചിട്ടുണ്ട്. ഇനി ഓരോ കാര്യത്തിനുമായി കുട്ടി മാറ്റിവെച്ചിരിക്കുന്ന സമയമാണ് അതിലേറെ രസകരം. പഠനത്തിനായി വെറും 15 മിനിറ്റാണ് നീക്കി വെച്ചിട്ടുള്ളത്. അതേസമയം തല്ലു കൂടാൻ മൂന്ന് മണിക്കൂറും കളിക്കാൻ രണ്ടേ മുക്കാൽ മണിക്കൂറും ആശാൻ മാറ്റിവച്ചിട്ടുണ്ട്. തല്ലുകൂടുന്നതിനും കളിക്കുന്നതിതുമാണ് അവനെ സംബന്ധിച്ച് പ്രധാനം. രാത്രി ഒമ്പത് മണിക്കാണ് ഉറങ്ങാനുള്ള സമയം. രാവിലെ 9 വരെ നീളുന്ന നീണ്ട ഉറക്കമാണ് മറ്റൊരു ‘ഹൈലേറ്റ്;.

സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഹൃദയം കവർന്ന ഈ ടൈംടേബിൾ ‘ലൈബ’ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് തൻറെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ആറു വയസ്സുള്ള തൻറെ ഒരു ബന്ധുവിൻറെ ദിനചര്യ ഇങ്ങനെയെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്. ടൈംടേബിൾ പ്രകാരം അവൻറെ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. പിന്നീട് വരുന്ന മണിക്കൂറുകൾ പ്രധാനമായും കുളിക്കാനും ഭക്ഷണം കഴിക്കാനും ടിവി കാണാനും ഒക്കെയുമാണ്. കളിയും ഫൈറ്റിംഗ് ടൈമും ഒക്കെ കഴിഞ്ഞാണ് ബാക്കിവരുന്ന 15 മിനിറ്റ് പഠനത്തിനായി നീക്കി വെച്ചിരിക്കുന്നത്. ഫൈറ്റിംഗ് ടൈമിൽ, തലയണ കൊണ്ടുള്ള ആക്രമണമാണത്രേ നടത്തുന്നത്. ഏതായാലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾക്ക് മാത്രം കൂടുതൽ സമയം നൽകി കൊണ്ടുള്ള ആ ആറ് വയസ്സുകാരൻറെ ടൈംടേബിൾ സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു. മിടുക്കനാണെന്നും പഠനത്തിന് 15 മിനിറ്റ് തന്നെ അധികമാണെന്നുമായിരുന്നു പോസ്റ്റ് കണ്ട പലരും കുറിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ പോസ്റ്റ് കണ്ടുകഴിഞ്ഞത്.