എമർജൻസി ലാൻറിംഗിനിടെ ‘മൂക്ക് കുത്തി’ ഡെൽറ്റ എയർലൈൻസിൻറെ ബോയിംഗ് 717 വിമാനം !

Advertisement

ന്യൂയോർക്ക്: വിമാനത്തിൻറെ ലാൻറിംഗ് ഗിയറുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ നോർത്ത് കരോലിനയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ഡെൽറ്റ എയർലൈൻസിൻറെ ബോയിംഗ് 717 വിമാനത്തിൻറെ മുൻവശം ഭൂമിയിൽ തൊട്ടു. ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാൻറയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിൻറെ എമർജൻസി ലാൻറിംഗ് ഗിയറുകൾ കൃത്യമായി പ്രവർത്തിച്ചില്ല. ഇതേതുടർന്ന് റെൺവേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിൻറെ മുൻഭാഗം നിലത്തിടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം വിമാനത്തിൽ 100 ഓളം യാത്രക്കാരുണ്ടായിരുന്നതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു.

ഡെൽറ്റ ഫ്ലൈറ്റ് 1092 വിമാനത്താവളത്തിൽ ഇറങ്ങുന്നതിൻറെയും ഇറങ്ങിക്കഴിഞ്ഞതിൻറെയും നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. wcnctv യുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വിമാനത്തിൻറെ ഉള്ളിലുള്ള യാത്രക്കാരെ ചിത്രീകരിച്ചു. ഈ വീഡിയോയിൽ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുൻസീറ്റിൽ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. വിമാനം ലാൻറ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് നൽകിയ മുൻകരുതൽ നിർദ്ദേശപ്രകാരമായിരുന്നു അവർ അങ്ങനെ ചെയ്തത്.

ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളിൽ വിമാനത്തിൻറെ മുൻഭാഗം നിലത്ത് കുത്തിനിൽക്കുന്നത് വ്യക്തമായും കാണാം. വിമാനത്തിൻറെ മുന്നിലെ ലാൻറിംഗ് ഗിയർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ മുൻ വശത്തെ ടയർ നിലത്തേക്ക് താഴ്ത്താൻ കഴിയാത്തതിനാലാണ് മുൻവശം നിലത്ത് കുത്തിയ നിലയിൽ വിമാനം നിർത്തേണ്ടിവന്നത്. സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നുമില്ല. വിമാനം അതിൻറെ നോസ് ഗിയർ ‘അപ്പ്’ പൊസിഷനിൽ ലാൻഡ് ചെയ്യുകയും റൺവേയിൽ സുരക്ഷിതമായി നിർത്തുകയും ചെയ്തെന്ന് ഡെൽറ്റ എയർവേസ് അറിയിച്ചു. തകരാറിന് കാരണമെന്തെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗിന് തയ്യാറെടുക്കുമ്പോൾ ജീവനക്കാർക്ക് തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു, വിമാനത്താവളത്തിൽ ഇറങ്ങും മുമ്പ് തന്നെ ലാൻറിംഗ് ഗിയർ പ്രവർത്തനക്ഷമമല്ലെന്ന് ജീവക്കാർക്ക് വ്യക്തമായിരുന്നു. ഇതേ തുടർന്ന് വിമാനം ആകാശത്ത് കുറച്ച് തവണ വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം ലാൻറ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിൻറെ ലാൻറിംഗിൽ പ്രശ്നമുണ്ടായതിനെ തുടർന്ന് 72 വിമാനങ്ങൾ വൈകുകയും 21 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ‘

Advertisement