ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

Advertisement

മിനാ.ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു.ഇനി വിടവാങ്ങല്‍ ത്വവാഫ്. കര്‍മങ്ങള്‍ അവസാനിപ്പിച്ച് ഇന്നും നാളെയുമായി തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ജൂലൈ മൂന്നിന് ആരംഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ട്വെന്‍റിഫോറിനോട് പറഞ്ഞു

ഹജ്ജ് കര്‍മങ്ങള്‍ 6 ദിവസം നീണ്ടു നില്‍ക്കുമെങ്കിലും അഞ്ചാം ദിവസം കര്‍മങ്ങള്‍ അവസാനിപ്പിക്കാനും തീര്‍ഥാടകര്‍ക്ക് അവസരമുണ്ട്. അതുകൊണ്ട് തന്നെ ജംറകളില്‍ ഇന്നത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി പല തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. തീര്‍ഥാടകരില്‍ ഏതാണ്ട് പകുതിയിലധികം പേരും ഇന്ന് തന്നെ കര്‍മങ്ങള്‍ അവസാനിപ്പിക്കും. ഉച്ചയ്ക്ക് ശേഷം കല്ലേറ് കര്‍മം നിര്‍വഹിച്ച് ഈ തീര്‍ഥാടകര്‍ മിനായുടെ അതിര്‍ത്തി വിടും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ജൂലൈ മൂന്നിന് ആരംഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

സമാധാനപരവും സുരക്ഷിതവുമായ ഹജ്ജ് കര്‍മങ്ങള്‍ക്ക് വേദിയൊരുക്കിയ സൌദി ഗവണ്‍മെന്‍റിന് കോണ്‍സുല്‍ ജനറല്‍ നന്ദി പറഞ്ഞു.

ഹജ്ജിന്‍റെ പ്രധാന കര്‍മങ്ങള്‍ അവസാനിപ്പിച്ച തീര്‍ഥാടകര്‍ക്ക് അവശേഷിക്കുന്ന കര്‍മം വിടവാങ്ങല്‍ ത്വവാഫ് മാത്രമാണ്. നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇത് നിര്‍വഹിക്കുക. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്ത ഇന്ത്യന്‍ തീര്‍ഥാടകര്‍ അടുത്ത ദിവസങ്ങളില്‍ മദീനയിലെത്തും. മദീനയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര.

Advertisement