ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്വന്തം മകളുമായി 11 വര്‍ഷമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പിതാവ്, മകള്‍ പ്രസവിച്ച ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. ഒരു ഷമാന്‍റെ ഉപദേശപ്രകാരമാണ് താന്‍ മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂൺ 15 ന് സെൻട്രൽ ജാവയിലെ ബൻയുമാസിലെ സൗത്ത് പുർവോകെർട്ടോ ജില്ലയിലെ തൻജംഗ് ഗ്രാമത്തിലൂടെ ഒഴുകുന്ന ബഞ്ചാരൻ നദിയുടെ അരികിലുള്ള ഒരു ഒഴിഞ്ഞ ഭൂമി വൃത്തിയാക്കുകയായിരുന്ന തൊഴിലാളികൾക്ക് കുളത്തില്‍ നിന്ന് അഞ്ച് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പര പുറത്ത് വന്നത്.
2011ൽ നിർമാണത്തൊഴിലാളിയായി ബൻയുമാസ് റീജൻസിയിലെത്തിയ റൂഡി (57), ഇന്തോനേഷ്യയിലെ ആത്മാക്കളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന മാനസിക രോഗിയായ ഷമാനെ പരിചയപ്പെട്ടെന്നും പിന്നീട് ഈ ഷമാന്‍റെ ഉപദേശപ്രകാരമായിരുന്നു ഇയാള്‍ തന്‍റെ മൂന്നാമത്തെ ഭാര്യയിലുള്ള മകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതെന്നും ഇന്തോനേഷ്യന്‍ പ്രാദേശിക പോലീസ് മേധാവി കോമിസാരിസ് ബെസാർ എഡി സുരന്ത സിറ്റെപു പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദാരിദ്രത്തില്‍ മോചനം ലഭിക്കാനും സമ്പന്നനാകാനും മകളുമായി ഏഴ് തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു ഷമാന്‍ ഉപദേശിച്ചത്. എന്നാല്‍, ഇ എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന 25 വയസുള്ള മകളുമായി അവളുടെ കൗമാരക്കാലം മുതല്‍ തന്നെ താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായും ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. മകള്‍ പ്രസവിച്ച ഏഴ് നവജാത ശിശുക്കളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തി കുളത്തില്‍ താഴ്ത്തുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് ഏറ്റു പറഞ്ഞതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
മകള്‍ക്കോ അവളുടെ അമ്മയ്ക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇരുവരെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് അറിയിച്ചു. മകളുടെ പ്രസവം എടുക്കാന്‍ അമ്മ സഹായിച്ചതായും പോലീസ് പറയുന്നു. കുളത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും രണ്ട് കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ട്. സ്‌നിഫർ നായ്ക്കളെ ഉപയോഗിച്ച് പ്രദേശത്ത് പോലീസ് തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്തോനേഷ്യയില്‍ ഷമാന്‍റെ ഇടപെടലില്‍ നടക്കുന്ന ആദ്യ കൊലപാതക പരമ്പരയല്ല ഇത്. കഴിഞ്ഞ ഏപ്രില്‍ സ്ലാമെറ്റ് തോഹാരി (45) എന്നയാളുടെ വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനിടെ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ 12 പേരെ ഇത്തരത്തില്‍ കൊന്ന് കുഴിച്ച് മൂടിയിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ തന്‍റെ ഇരകളെ വീട്ടിലെത്തിച്ചിരുന്നത്. കൊല്ലപ്പെട്ടവർ 25 നും 50 നും ഇടയിൽ പ്രായമുള്ളവരാണെന്നും പിടിക്കപ്പെടുന്നതിന് ആറ് മാസം മുമ്പ് വരെ ഇയാള്‍ ഇരകളെ കൊന്ന് കുഴിച്ച് മൂടിയിരുന്നതായി പോലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദനം ചെയ്യുന്ന ഇത്തരം ഷമാന്മാര്‍ ഇന്തോനേഷ്യയില്‍ സാധാരണമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മാക്കളുമായി സംസാരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇരകളെ വിശ്വസിപ്പിച്ച് അവരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇത്തരം കൃത്യങ്ങളിലേക്ക് ഇവര്‍ കടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.