കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളെടുത്ത് സൂക്ഷിച്ച് വയ്ക്കുന്നത് നമ്മുടെ എല്ലാവരുടെയും ശീലമാണ്. പ്രത്യേകിച്ചും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നത്തുമ്പോൾ ആ സന്തോഷ നിമിഷങ്ങൾ പകർത്താൻ എല്ലാവർ പ്രത്യേക ഉത്സാഹമുണ്ടാകും.
ഇത്തരത്തിൽ ഒരു അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞിൻറെ കൂടെ ഒരു ‘സെൽഫി’, ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു ‘സ്കാനർ സെൽഫി’ എടുക്കുന്ന കുഞ്ഞുവീഡിയോ ട്വറ്ററിൽ വൈറലായി. Figen എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ‘വളരെ മനോഹരം’ എന്ന് കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തി.
വീഡിയോയിൽ ഒരു അമ്മയും അച്ഛനും തങ്ങളുടെ കുഞ്ഞിനെയും എടുത്ത് സെറോക്സ് മെഷീന് മുന്നിൽ നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തീരെ ചെറിയ കുട്ടി, പക്ഷേ അച്ഛനമ്മമാരുടെ പ്രവർത്തിയിൽ അത്ര തത്പരനല്ല. അവൻറെ കാഴ്ചകൾ പലവഴിക്കാണ്. എന്നാൽ അച്ഛനും അമ്മയ്ക്കും ചെറിയൊരു ആവേശത്തിലാണ്. അമ്മ, കുഞ്ഞിൻറെ കൈയെടുത്ത് സെറോക്സ് മെഷീനിൽ വയ്ക്കുന്നു. കുഞ്ഞിൻറെ കൈയുടെ മുകളിൽ അമ്മ സ്വന്തം കൈ വയ്ക്കുമ്പോൾ അതിന് മുകളിൽ അച്ഛനും തൻറെ കൈപ്പത്തി വയ്ക്കുന്നു. പിന്നീട് മെഷീൻ സ്കാൻ ചെയ്യാൻ തുടങ്ങുന്നു അല്പ സമയത്തിനകം മെഷീനിൽ നിന്നും സ്കാൻ ചെയ്തതിൻറെ പ്രിൻറ് വരുന്നു.
ഇങ്ങനെ മൂന്ന് കൈപ്പത്തികളും ചെർത്ത് വച്ച് ലഭിച്ച ആ ചിത്രം ഫ്രെയിം ചെയ്ത് ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നത് കാണിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ കൊച്ചു കുടുംബത്തിൻറെ ഏറ്റവും ആർദ്രവും സ്നേഹസമ്മിശ്രവുമായ ആ നിമിഷങ്ങൾക്ക് കണ്ട കാഴ്ചക്കാർ തങ്ങളുടെ സന്തോഷം മറച്ച് വയ്ക്കാതെ പങ്കുവച്ചു. നിരവധി പേർ ഇതിലും ലളിതമായി ഇതെങ്ങനെ ആവിഷ്ക്കരിക്കുമെന്ന് അതിശയിച്ചു. “ലളിതവും മനോഹരവും” എന്നായിരുന്നു ഒരാളെഴുതിയ കുറിപ്പ്. “ദൈവമേ, എനിക്കിത് ഇഷ്ടമാണ്.’ മറ്റൊരാൾ കുറിച്ചു. ‘ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫാമിലി വീഡിയോ ഇതാണ്!,” മൂന്നാമത്തെയാൾ തൻറെ അഭിപ്രായം എഴുതി. വീഡിയോ നിരവധി പേരെ ഏറെ ആകർഷിച്ചു.