ബീജീങ്: ജീവനക്കാർക്ക് സന്താനോൽപാദനത്തിന് പ്രോത്സാഹനം നൽകി ചൈനീസ് കമ്പനി രംഗത്ത്. കുട്ടികളുണ്ടാകുന്ന ദമ്പതികൾക്ക് വൻ വാഗ്ദാനമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസികളിലൊന്നായ ചൈനയുടെ ട്രിപ്പ് ഡോട്ട് കോം എന്ന സ്ഥാപനമാണ് ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്. 32,000 ജീവനക്കാർ ജോലി ചെയ്യുന്ന കൂറ്റൻ സ്ഥാപനമാണ് ട്രിപ്.കോം. ജീവനക്കാരിൽ സന്താനോൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 100 കോടി യുവാനാണ് നീക്കിവെച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. കുഞ്ഞ് ജനിച്ചാൽ 10,000 യുവാൻ (110,080 രൂപ) വാർഷിക ബോണസായി കുട്ടിയുടെ ഒന്നാം ജന്മദിനം മുതൽ അഞ്ച് വയസ്സ് വരെ ലഭിക്കും. ശനിയാഴ്ച മുതലാണ് കമ്പനി നയം നടപ്പാക്കി തുടങ്ങിയത്. കമ്പനിയിൽ മൂന്ന് വർഷമായി ജോലി ചെയ്ത മുഴുവൻ സമയ ജീവനക്കാരും ബോണസിന് അർഹതയുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികൾ ഉണ്ടാകുന്നതിലൂടെ ജീവനക്കാരുടെ കുടുംബ ജീവിതം മെച്ചപ്പെടുമെന്നാണ് കമ്പനി Trip.com എക്സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് ലിയാങ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ജനസംഖ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് കമ്പനി പുതിയ ഓഫറുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയം. 60 വർഷത്തിനിടെ ആദ്യമായി 2022-ൽ ചൈനയുടെ ജനസംഖ്യ കുറഞ്ഞിരുന്നു. ഈയടുത്താണ് ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയത്. 1,000 പേർക്ക് 6.77 ശതമാണ് ചൈനയിലെ ജനന നിരക്ക്. 1949-ൽ കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് 2022ൽ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യാ വർധനവ് നിയന്ത്രിക്കാൻ 2015ൽ ഒറ്റക്കുട്ടി നയം ചൈന നടപ്പാക്കിയിരുന്നു. ഈയടുത്താണ് നയം റദ്ദാക്കിയത്.
ജനസംഖ്യ കുറയുന്നത് ഭാവിയിൽ ചൈനയുടെ സാമ്പത്തിക രംഗത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
കുട്ടികളുള്ള കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നത് ഒന്നിലേറെ കുട്ടികൾ ദമ്പതികൾക്ക് ജനിക്കാൻ കാരണമാകുമെന്നും കമ്പനി അറിയിച്ചു. കാർഷിക കമ്പനിയായ ബീജിംഗ് ഡാബെയ്‌നോംഗ് ടെക്‌നോളജിയും കുട്ടികളുള്ള ദമ്പതികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 90,000 യുവാൻ (12,391 ഡോളർ) ക്യാഷ് ബോണസ് നൽകുമെന്നാണ് കമ്പനി പറഞ്ഞത്. ആദ്യത്തെ കുട്ടിക്ക് 30,000 യുവാനും രണ്ടാമത്തെ കുട്ടിക്ക് 60,000 യുവാനുമായിരുന്നു വാഗ്ദാനം.