പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

Advertisement

കുവൈത്ത് സിറ്റി: പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചോരക്കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞ് കൊന്നു. കുവൈത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കുവൈത്ത് പൗരന്റെ വീട്ടില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് ക്രൂരകൃത്യം ചെയ്തതെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീട്ടുടമയും ഭാര്യയും പുറത്തു പോയി തിരികെ വന്നപ്പോള്‍ ജോലിക്കാരിയെ കണ്ടില്ല. വീടിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന അവരെ വിളിച്ചു നോക്കിയെങ്കിലും മറുപടിയൊന്നും കിട്ടാതായപ്പോള്‍ ഇരുവരും മുകളിലേക്ക് ചെന്ന് അന്വേഷിച്ചു. എന്നാല്‍ അടച്ചിട്ട വാതിലിനപ്പുറം ഒരു കുഞ്ഞിന്റെ കരച്ചിലാണ് ഇരുവര്‍ക്കും കേള്‍ക്കാനായത്. പരിഭ്രാന്തരായ വീട്ടുടമയും ഭാര്യയും വാതില്‍ ബലമായി തുറന്ന് അകത്ത് കടന്നു. കരഞ്ഞ് അവശയായിരിക്കുന്ന ജോലിക്കാരിയുടെ ശരീരത്തിലും മുറിയിലും രക്തം പറ്റിപ്പിടിച്ചിരുന്നു. എന്നാല്‍ മുറിയില്‍ എവിടെയും കുഞ്ഞിനെ കാണാന്‍ സാധിച്ചതുമില്ല.

മുറിയുടെ ജനല്‍ തുറന്നുകിടക്കുന്നത് കണ്ട് അതിലൂടെ വീട്ടുടമ പുറത്തേക്ക് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്റെ ശരീരം വീട്ടു മുറ്റത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെയും ആംബുലന്‍സിലും വിവരം അറിയിച്ചു. അധികൃതര്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് മരണപ്പെട്ടതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.