ഷാർജ: ട്രാഫിക് സിഗ്നൽ തെറ്റിച്ച വാഹനം ഇടിച്ച് സ്‍ത്രീ മരിച്ച സംഭവത്തിൽ ഡ്രൈവർ 5000 ദിർഹം പിഴയും രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണിയും നൽകാൻ കോടതി ഉത്തരവ്. വാഹനം ഓടിച്ച ഡ്രൈവർ സ്വന്തം നിലയ്ക്കോ അല്ലെങ്കിൽ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നോ ഈ പണം നൽകണമെന്നാണ് ഖോർഫകാൻ കോടതിയുടെ ഉത്തരവ്.
ചുവപ്പ് സിഗ്നൽ ലംഘിച്ച് മുന്നോട്ട് നീങ്ങിയ വാഹനം രണ്ട് സ്‍ത്രീകളെയാണ് ഇടിച്ചിട്ടത്. ഇവരിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന അറബ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾക്ക് വിചാരണ കോടതി ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ നടപ്പാക്കുന്നത് അപ്പീൽ കോടതി ഒരു വർഷത്തേക്ക് തടഞ്ഞു.
ഒരാളുടെ മരണത്തിന് മനഃപൂർവമല്ലാതെ കാരണക്കാരനായി, മറ്റൊരാൾക്ക് പരിക്കേൽപ്പിച്ചു, റോഡിലെ സിഗ്നൽ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. വിചാരണ വേളയിൽ ഡ്രൈവർ കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ അപ്പീൽ തള്ളണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹർജി ഫയൽ ചെയ്തു.