ആറ് വയസുകാരിയായ മകളോട് അവൾക്കുള്ള സ്കൂൾ ഉച്ചഭക്ഷണം ഉണ്ടാക്കാൻ നിർബന്ധിച്ച അമ്മയെ രൂക്ഷമായി വിമർശിച്ച് നെറ്റിസൺസ്. രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പായി ആവശ്യമുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞെടുക്കാൻ കഴിയാതെ പോയ കുട്ടിയോട് സ്കൂളിൽ വിശന്നിരിക്കാൻ നിർബന്ധിച്ച അമ്മയ്ക്ക് നേരെയായിരുന്നു നെറ്റിസൺസിൻറെ രോഷപ്രകടനം.
ആറ് വയസുകാരിയുടെ അമ്മയും യൂട്യൂബറുമായ റൂബി ഫ്രാങ്കെ, ‘മകൾക്ക് ഉച്ചയ്ക്ക് കഴിക്കാൻ ഭക്ഷണമില്ലെന്ന് പറയുന്ന സ്കൂൾ ടീച്ചറുടെ സന്ദേശം ലഭിച്ചെന്നും തനിക്ക് ടീച്ചറിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഇത്തരം മെസേജുകൾ ലഭിക്കാറുണ്ടെന്നും പറഞ്ഞു കൊണ്ട് ചെയ്ത ടിക്ക് ടോക്ക് വീഡിയോ വൈറലായതിന് പിന്നാലെയാണ് അമ്മ റൂബി ഫ്രാങ്കെയ്ക്കെതിരെ നെറ്റിസൺസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
‘അവൾ വിശന്നിരിക്കുന്നതും ഉച്ചഭക്ഷണം കഴിക്കാത്തതും അവളുടെ ടീച്ചർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു, ഞാൻ ഉച്ചഭക്ഷണവുമായി സ്കൂളിലേക്ക് പോയാൽ അത് അവളുടെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും,’ റൂബി ഫ്രാങ്കെ വീഡിയോയിൽ പറഞ്ഞു. എന്നാൽ ഭക്ഷണം ഉണ്ടാക്കേണ്ടതും അത് പൊതിഞ്ഞ് സ്കൂളിലേക്ക് കൊണ്ടുപോകേണ്ടതും തൻറെ ഇളയമകളുടെ ഉത്തരവാദിത്വമാണെന്നും അതിനാൽ അവളെ സഹായിക്കാൻ കഴിയില്ലെന്ന് ടീച്ചറെ അറിയിക്കാൻ താൻ ആഗ്രഹിക്കുന്നതായും അവർ തൻറെ വീഡിയോയിലൂടെ പറഞ്ഞു. ആറ് കുട്ടികളുടെ അമ്മയും യൂട്യൂബറുമാണ് റൂബി ഫ്രാങ്കെ. ആറുവയസ്സുകാരിയായ മകൾക്ക് ആരും ഭക്ഷണം നൽകാൻ തയ്യാറാകരുതെന്നും അവർ നിർദ്ദേശിച്ചു. ‘സ്വാഭാവികമായി അവൾക്ക് വിശന്നിരിക്കേണ്ടിവരും. ദിവസം മുഴുവൻ വിശന്നിരിക്കേണ്ടിവരുമ്പോൾ അവൾ ഇനി ഇത്തരത്തിൽ പെരുമാറില്ലെന്നും’ റൂബി ഫ്രാങ്കെ തൻറെ ടിക് ടോക്ക് വീഡിയോയിൽ പറഞ്ഞു.
‘അവൾ ഒരു കൗമാരക്കാരിയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഇത് ആറ് വയസുള്ള കുട്ടിയാണ്.,’ ഒരു കാഴ്ചക്കാരി എഴുതി. ‘അവളുടെ കുട്ടികൾ പ്രായമാകുമ്പോൾ അവളോട് സംസാരിക്കുന്നത് നിർത്തും’. വേറൊരാൾ കുറിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണവുമായി സ്‌കൂളിലേക്ക് പോകുന്നതിനേക്കാൾ പ്രധാനം എന്താണെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ‘വിശന്നിരുന്നാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. പഠിപ്പിക്കുന്ന പാഠത്തേക്കാൾ കൂടുതൽ അവർ വിശപ്പിനെ കുറിച്ച് ശ്രദ്ധിക്കും.’ മറ്റൊരു കാഴ്ചക്കാരി എഴുതി. നിരവധി അധ്യാപകരും റൂബിയ്ക്കെതിരെ കുറിപ്പുകളെഴുതി. ‘എൻറെ മമ്മയും ഇത് തന്നെ ചെയ്യുമായിരുന്നു. എങ്കിലും ഞാൻ ഈ കുടുംബത്തിൻറെ ആരാധകയല്ല. അവൾ, മകൾക്കായി ഉച്ചഭക്ഷണം പാക്ക് ചെയ്യണമായിരുന്നു,’ ഒരു സ്ത്രീ പറഞ്ഞു. ‘ഞാൻ അവരുടെ ചാനലിൽ കണ്ട മറ്റ് ചില കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല,’ മറ്റൊരാൾ കുറിച്ചു.