പ്രതിദിനം മൂന്ന് ലിറ്റർ വോഡ്ക വീതമായിരുന്നു ലങ്കാഷെയർ സ്വദേശിയും 30 കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാർലറ്റ് ഡർക്കൻ കുടിച്ചുകൊണ്ടിരുന്നത്. ഒടുവിൽ ആന്തരാവയവങ്ങളിൽ പലതും തകരാറിലായ അവരെ അവശയായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ വിധിച്ചത് 24 മണിക്കൂറിൻറെ ആയുസ്.
മദ്യാസക്തിയിൽ മുഴുകും മുമ്പ് താൻ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്നൊരാളായിരുന്നെന്നും ഷാർലറ്റ് ഡർക്കൻ പറയുന്നു. എന്നാൽ, നീണ്ട ആശുപത്രി വാസത്തിന് ശേഷം അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് സ്വന്തം കഥ പറഞ്ഞ് മദ്യപാനികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിൽ വ്യാപൃതയാണ് ഷാർലറ്റ് ഡർക്കൻ.
‘ഞാൻ അമിതമായി മദ്യപിച്ചു. അതെൻറെ വ്യക്തിത്വത്തിൻറെ ഭാഗമായി മാറി. എന്നാൽ ഒരു കടുത്ത മദ്യപാനിയാണെന്ന് താൻ ഒരിക്കലും സമ്മതിച്ചിരുന്നില്ലെന്നും അവർ പറയുന്നു. ഒടുവിൽ മദ്യപിക്കാതെ ഒരു നിമിഷം പോലും കടന്ന് പോകാൻ കഴിയാത്ത വിധം അത് തന്നെ പിടികൂടിയെന്ന് മനസിലാക്കിയപ്പോഴേക്കും അത് ഗുരുതരമായ ആസക്തിയായി മാറിയിരുന്നു. മദ്യപിക്കാതിരിക്കുമ്പോൾ താൻ വിറയ്ക്കുകയും വിയർക്കുകയും ചെയ്തു. രാവിലെ നിവർന്ന് നിൽക്കാൻ ഒരു പൈൻറ് വോട്കയെങ്കിലും കുടിക്കണം. എങ്കിൽ മാത്രമേ തനിക്ക് വിറയ്ക്കാതെ നിൽക്കാൻ കഴിയൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു. പിന്നെ അത് ദിവസം മുഴുവനും തുടരുന്നു. പതുക്കെയാണ് കൈയിലെ പണം തീരുന്നത് അറിഞ്ഞത്. ഒടുവിൽ അവശയായി ആശുപത്രിയിലായി. നാല് ദിവസം മദ്യപിക്കാതെ ആശുപത്രിയിൽ കിടന്നു. പക്ഷേ, അവിടെ നിന്നും ഇറങ്ങിയതിന് പിന്നാലെ കടുത്ത മദ്യപാനം ആരംഭിച്ചു. വീണ്ടും ആശുപത്രിയിലായി. ഇത് മൂന്നാല് തവണ ആവർത്തിച്ചു.
ഒടുവിൽ ആശുപത്രിയിൽ നിന്നും കരൾ, വൃക്ക എന്നിവ തകരാറിലാണെന്നും ഹൃയദസ്തംഭനത്തിന് സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. പിന്നാലെ മൂന്നാഴ്ചയോളം ആശുപത്രി വാസം. പ്രത്യേകമായി ഓക്സിജൻ നൽകി വെൻറിലേറ്ററിലേക്ക് മാറ്റി. ഇതിനിടെയാണ് ഡോക്ടർമാർ തനിക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേയുള്ളൂവെന്ന് വിധിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ഷാർലെറ്റിൻറെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി. അവൾക്ക് കാവലിരുന്നു. ശരീരം പതുക്കെ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. പിന്നാലെ ബന്ധുക്കൾ അവളെ പുനരധിവാസത്തിലേക്ക് മാറ്റി.
11 മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് ഷാർലറ്റ് ഡർക്കൻ ഇൻസ്‌പയർ ലങ്കാഷെയറിന് വേണ്ടി സന്നദ്ധസേവനം നടത്തുന്നു. തൻറെ മുന്നിലെത്തുന്ന മദ്യപാനികൾക്ക് സ്വന്തം ജീവിതാനുഭവം പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും ആളുകൾ തങ്ങൾ കടുത്ത മദ്യപാനിയാണെന്ന് വ്യക്തമാക്കാൻ മടിക്കുന്നു. പലരും വിചാരിക്കുന്നത് ഏറെക്കാലം മദ്യപിച്ചാൽ മാത്രമേ കടുത്ത മദ്യപാനിയാകൂവെന്നാണ്. വെറും രണ്ട് വർഷത്തെ മദ്യപാനമാണ് തന്നെ മരണത്തിലേക്ക് നയിച്ചത്. ഷാർലറ്റിൻറെ പുനരധിവസാത്തിന് സഹായിച്ചത് ‘ഇൻസ്‌പയർ ലങ്കാഷയർ’ എന്ന സന്നദ്ധസംഘടനയാണ്. കടുത്ത മദ്യപാനികൾ പെട്ടെന്ന് മദ്യപാനം നിർത്തുന്നത് കൂടുതൽ അപകടം ചെയ്യും ഇതിനാൽ ക്രമേണ മദ്യപാനം നിർത്താൻ സംഘടന അവളെ സഹായിച്ചു. ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ച് വന്ന ഷാർലറ്റ് ഡർക്കൻ, സമൂഹത്തിലെ മറ്റ് മദ്യപാനികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള സന്നദ്ധസേവനത്തിൽ വ്യാപൃതയാണ്. ‘