വിമാന യാത്രയ്ക്കിടെ യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നെറ്റിസണ്‍സിനിടെയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. മദ്യപിച്ച് ബഹളം വയ്ക്കുന്ന യാത്രക്കാരും യാത്രയ്ക്കിടെ വിമാനത്തിന്‍റെ വാതില്‍ തുറക്കുന്നതും മറ്റും നേരത്തെ നെറ്റിസണ്‍സിനിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്. ഇത്തരം സംഭവങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും അവ വലിയ തോതില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍. കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
Ghar Ke Kalesh എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ വിസ്താരയുടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്‍, തന്‍റെ മകളെ മറ്റൊരു യാത്രക്കാരന്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ബഹളം വയ്ക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വിഡിയോയ്ക്ക് പ്രതികരിക്കാനെത്തി. വീഡിയോയുടെ തുടക്കത്തില്‍ ഒരു പെണ്‍കുട്ടി ‘ഹൗ ഡെയർ യു’ എന്ന് അലറുന്നത് കേള്‍ക്കാം. പിന്നാലെ ഒരു സീറ്റില്‍ നിന്ന് ഒരു യാത്രക്കാരന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും എയര്‍ ഹോസ്റ്റസ് ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ നേരെ ആക്രോശിക്കുമ്പോള്‍ എയര്‍ ഹോസ്റ്റസ് ക്യാപ്റ്റനെ വിളിക്കാന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ വിമാനത്തിലെ മറ്റ് യാത്രക്കാരും പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. പ്രശ്നത്തില്‍ പിന്നീട് എന്ത് സംഭവിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല.
ഇതിന് മുമ്പ് . ഫ്‌ളോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തില്‍ വച്ച് സഹയാത്രക്കാരുടെ കുട്ടി കരഞ്ഞതിന് ഒരു യാത്രക്കാരന്‍ വിമാനത്തില്‍ ബഹളം വയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ യാത്രക്കാരന് അഹസനീയമായി തോന്നിയതിനെ തുടര്‍ന്നായിരുന്നു അയാള്‍ ഫ്ലൈറ്റ് ക്രൂവിനെതിരെ തിരിഞ്ഞത്. ഈ സമയം ആ യാത്രക്കാരന്‍റെ കൂടെയുണ്ടായിരുന്ന സ്ത്രീ പ്രശ്നത്തില്‍ ഇടപെടാന്‍ പറ്റാതെ തല തന്‍റെ കൈകള്‍ക്കുള്ളിലാക്കി നിരാശയായി ഇരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.