​അധ്യാപികയെ സ്കൂളിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു, വധിക്കാൻ ശ്രമിച്ചു; വിദ്യാർഥിക്ക് 40 വർഷം തടവ്

Advertisement

ന്യൂയോർക്ക്: അധ്യാപികയെ ലൈം​ഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത വിദ്യാർഥിക്ക് 40 വർഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാർഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാർഥിയെയാണ് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്‌ലീൻ ഡെലാനി 16 മുതൽ 40 വർഷം വരെ തടവിന് ശിക്ഷിച്ചത്.

ജൊനാഥൻ എല്യൂട്ടേരിയോ മാർട്ടിനെസ് ഗാർഷ്യ എന്ന 17കാരനാണ് കുറ്റക്കാരൻ. കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ഗുരുതരമായ ദേഹപദ്രവം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. എൽഡൊറാഡോ ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് ഗ്രേഡ് സംബന്ധിച്ച ചർച്ചയ്ക്കിടെ അധ്യാപികയെ ആക്രമിക്കുകയായിരുന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിചാരണക്കിടെ വിദ്യാർഥി കോടതിയിൽ മാപ്പ് പറഞ്ഞു. ഭയം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായ ആസ്ത്മ മരുന്നുകളുടെ ഗുരുതരമായ പാർശ്വഫലങ്ങളാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്ന് അഭിഭാഷകൻ വാദിച്ചു.

ചെയ്ത കുറ്റത്തിൽ ഖേദിക്കുന്നുവെന്നും എന്നാൽ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും വിദ്യാർഥി കോടതിയിൽ പറഞ്ഞു. 2022 ഏപ്രിലിലാണ് സംഭവം. അധ്യാപികയെ ചരട് ഉപയോ​ഗിച്ച് ശ്വാസം മുട്ടിക്കുകയും തല മേശയിൽ അടിച്ച് ബോധരഹിതയാക്കിയെന്നും വീണ്ടും ഉണർന്നപ്പോൾ അവളുടെ പാന്റും അടിവസ്ത്രവും വലിച്ചെറിയുകയും അവളുടെ മേൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പുസ്തക ഷെൽഫ് അധ്യാപികയുടെ മുകളിലേക്ക് തള്ളിയിട്ടു. ഈ കുറ്റമെല്ലാം വിദ്യാർഥി സമ്മതിച്ചു.