ആദിമകാലത്ത് മനുഷ്യന്‍ തന്‍റെ യുക്തിക്ക് വ്യക്തമാക്കാന്‍ കഴിയാത്ത കാര്യങ്ങളെ അദൃശ്യ ശക്തികളുമായാണ് ബന്ധപ്പെടുത്തിയിരുന്നത്. പിന്നീട് ഇത്തരം പ്രകൃതി പ്രതിഭാസങ്ങളെ ‘ദൈവ സിദ്ധാന്ത’ത്തോടൊപ്പം ചേര്‍ത്തു തുടങ്ങി. പിന്നെയും ഏറെ കാലം കഴിഞ്ഞ് സയന്‍സിന്‍റെ വികാസത്തോടെയാണ് ദൈവത്തില്‍ നിന്നും പ്രകൃതി പ്രതിഭാസങ്ങളെ മാറ്റി നിര്‍ത്തി മനുഷ്യന്‍ നിര്‍വചിച്ച് തുടങ്ങിയത്. അപ്പോഴും മറ്റ് ജീവജാലങ്ങളില്‍ തന്നെക്കാള്‍ കുരുത്തുള്ളവയെ മനുഷ്യന്‍ ‘വന്യത’ ചേര്‍ത്താണ് അഭിസംബോധന ചെയ്തിരുന്നത്.
കാട്ടിലെ മൃഗങ്ങള്‍ അവയെത്ര തന്നെ ശാന്തരായിരുന്നാലും മനുഷ്യന് വന്യമൃഗമാണ് (wild animal). അത് പോലെ തന്നെയാണ് കടലിലെക്കാര്യവും. സ്രാവുകളും തിമിംഗലങ്ങളും മനുഷ്യനെക്കാള്‍ ശക്തരാണെന്നും അവ മനുഷ്യനെ അക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവയാണെന്നുമുള്ള പൊതു ബോധം വളരെ മുമ്പ് തന്നെ മനുഷ്യര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍, സത്യത്തില്‍ ഇവ മനുഷ്യനെക്കാള്‍ അപകടകാരികളാണോ? അല്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങളും ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
കടലിലെ പ്രകൃതദത്ത വേട്ടക്കാരാണ് സ്രാവുകള്‍. വിശന്ന് കഴിഞ്ഞാല്‍ അവ കണ്ണില്‍ കാണുന്ന എന്തിനെയും അക്രമിക്കാന്‍ മടിയില്ലാത്തവരാണ്. മാത്രമല്ല അവ കടലില്‍ മാത്രമാണ് തങ്ങളുടെ വേട്ട നടത്തുന്നത്. കരയിലെ മൃഗങ്ങളും അതുപോലെതന്നെ. എന്നാല്‍, മനുഷ്യന്‍ ഭക്ഷണത്തിന് വേണ്ടി മാത്രമല്ല വേട്ടയാടുന്നത്. പകരം, മരുന്നുകൾക്കോ വളർത്തുമൃഗങ്ങളെ വളർത്തുന്നതിനോ വസ്ത്ര നിര്‍മ്മാണത്തിനോ എന്തിന് പെര്‍ഫ്യൂമുകള്‍ അടക്കമുള്ള ഫാഷന്‍ ലോകത്തിന് വേണ്ടിയും കരയിലും കടലിലും മനുഷ്യന്‍ ഒരു പോലെ വേട്ടയാടുന്നു. തന്നെക്കാള്‍ ശക്തരായ മൃഗത്തെ ബുദ്ധിയുപയോഗിച്ച് കീഴ്പ്പെടുത്തുന്നു. മനുഷ്യന്‍റെ വന്യമായ വേട്ട കാരണം ഭൂമിയിലെ മൂന്നിലൊന്ന് മൃഗങ്ങളും ചൂഷണം ചെയ്യപ്പെടുന്നു. ഇതില്‍ പകുതിയോളം മൃഗങ്ങള്‍ വംശനാശ ഭീഷണിയിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിക്കേഷൻസ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധം മനുഷ്യന്‍റെ ഈ ക്രൂരതയെ വിശദമായി പഠന വിധേയമാക്കുന്നു.
വലിയ വെള്ള സ്രാവിനെപ്പോലുള്ള പ്രകൃതിദത്ത വേട്ടക്കാരേക്കാൾ നൂറുകണക്കിന് മടങ്ങ് അപകടകാരികളാണ് മനുഷ്യന്‍. മുഴുവൻ ആവാസവ്യവസ്ഥകൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന, ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു മൃഗം മനുഷ്യനാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. “ഞങ്ങൾ കണ്ടെത്തിയതിന്‍റെ വലിപ്പവും അളവും ഞങ്ങളെ അത്ഭുതപ്പെടുത്തി,” ഓക്‌സ്‌ഫോർഡ്‌ഷെയറിലെ വാളിംഗ്‌ഫോർഡിലുള്ള യുകെ സെന്‍റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ ഡോ.റോബ് കുക്ക് പറഞ്ഞു. മനുഷ്യർക്ക് ജീവജാലങ്ങളുടെ ഉപയോഗത്തിൽ വലിയ വൈവിധ്യമാണ് ഉള്ളത്. ഇത് അപകടകരമാണെന്നും ലോകമെമ്പാടുമുള്ള സുസ്ഥിരമായ മനുഷ്യ-പ്രകൃതി ബന്ധങ്ങളിലേക്ക് മനുഷ്യന്‍ നീങ്ങണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയ്ക്കായി മനുഷ്യർ വളര്‍ത്തുകയോ വേട്ടയാടുകയോ ചെയ്യുന്ന ഏകദേശം 50,000 വ്യത്യസ്ത സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയുടെ കണക്കുകള്‍ എടുത്താണ് ഗവേഷകര്‍ വിശകലനം ചെയ്തത്. വ്യത്യസ്തങ്ങളായ 14,663 ഓളം ഇനങ്ങളെ മനുഷ്യന്‍ ഉപയോഗിക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തി. ഇതില്‍ മൂന്നിലൊന്നും ഏതാണ്ട് 39% വും വംശനാശത്തിന്‍റെ വക്കിലാണ്. വലിയ വെള്ള സ്രാവ്, സിംഹം അല്ലെങ്കിൽ കടുവ തുടങ്ങിയ കരയിലെയും കടലിലെയും ഏറ്റവും വലിയ വേട്ടക്കാരെക്കാള്‍ 300 മടങ്ങ് കൂടുതലാണ് മനുഷ്യന്‍റെ വേട്ടയുടെ ശക്തി. ഭൂമിയുടെ ഇതുവരെയുള്ള ഏത് കാലഘട്ടത്തിലെ ചരിത്രമെടുത്താലും ഇവയിലെല്ലാം വച്ച് ഏറ്റവും വലിയ വേട്ടക്കാരനായി ഇന്ന് മനുഷ്യന്‍ മാറിയിരിക്കുന്നു. മനുഷ്യന്‍റെ ഇടപെടലിന്‍റെ ഫലമായി ഇന്ന് ഭൂമിയുടെ കാലാവസ്ഥ പോലും മാറിയിരിക്കുന്നു. ഭൂമിയിന്ന് നരവംശാധിപത്യ ( Anthropocene) കാലത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പഠനം പറയുന്നു. എന്നാല്‍, വന്യമൃഗങ്ങളെ അമിതമായി ചൂഷണം ചെയ്ത് ഭൂമിയിലെ ജൈവവൈവിധ്യത്തിന് വിഘാതം സൃഷ്ടിക്കുന്നത് ആവാസവ്യവസ്ഥയുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വൈവിധ്യത്തിലൂടെ മാത്രമാണ് ഭൂമിയുടെ നിലനില്‍പ്പെന്നും ഏതെങ്കിലും ഒരു ജീവിക്ക് ഉണ്ടാക്കുന്ന അപ്രമാദിത്വം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.