കാലത്തിനും പ്രായത്തിനും ദേശത്തനും അതീതമായ വികാരമാണ് പ്രണയമെന്നാണ് പൊതുവിൽ പറയാറ്. പ്രണയം ഏത് നിമിഷത്തിൽ വേണമെങ്കിലും പൂവണിയാമെന്നും അതിന് കാലവും പ്രായവും ദേശവുമൊന്നും ഒരു തടസമല്ലെന്നും തെളിയിക്കുകയാണ് 78 കാരനായ ഈ കാമുകനും അദ്ദേഹത്തിന്‍റെ പ്രണയിനിയും. നീണ്ട 63 വർഷത്തെ കാത്തിരിപ്പ് ശേഷമാണ് 78 കാരനായ തോമസ് മക്മീകിൻ, തന്‍റെ ഹൈസ്കൂൾ ക്രഷായ നാൻസി ഗാംബെല്ലിനോട് പ്രണയം തുറന്ന് പറയുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തത്. ഇരുവരും തമ്മിൽ പ്രണയാഭ്യർത്ഥന നടത്തുന്നതിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ടാമ്പ ഇന്‍റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് തോമസ് മക്മീകിൻ അരനൂറ്റാണ്ടിന് മേലെ താൻ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയം നാൻസി ഗാംബെല്ലിനോട് പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രണയാഭ്യർത്ഥ നാൻസി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചുറ്റുമുണ്ടായിരുന്ന കാഴ്ചക്കാർ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. എയർപോർട്ടിലെ തിരക്കില്‍ അക്ഷമയോടെ തന്‍റെ പ്രണയിനിയെ കാത്തു നിൽക്കുന്ന തോമസ് മക്മീകിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുക. അൽപ്പ സമയം കഴിഞ്ഞതും വിമാനമിറങ്ങി വരുന്ന നാൻസിയെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നു.
ഇരുവരും പരസ്പരം ചുംബിച്ചതിന് ശേഷം ഒരുമിച്ച് നടക്കുന്നു. തുടര്‍ന്ന് നാൻസിയെ സ്വസ്ഥമായി ഒരിടത്ത് ഇരുത്തിയതിന് ശേഷം മുട്ടിന്മേൽ നിന്ന് പ്രണയാഭ്യർത്ഥന നടത്തുന്ന തോമസ് മക്മീകിനെ ആണ് വീഡിയോയില്‍ കാണുക. അദ്ദേഹം തന്‍റെ പ്രണനിക്ക് മുമ്പിൽ തന്‍റെ ഹൃദയം തുറന്നു കൊണ്ട് അവരോട് വിവാഹ അഭ്യർത്ഥന നടത്തുന്നു. അതിന് അവർ ‘യെസ്’ എന്ന് ഉത്തരം നൽകിയതും സന്തോഷത്താൽ മതിമറന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പരസ്പരം കെട്ടിപിടിക്കുന്നതുമാണ് വീഡിയോയിൽ. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സന്തോഷത്തോടെ സാക്ഷികളാകുന്ന മറ്റ് നിരവധി യാത്രക്കാരെയും വീഡിയോയിൽ കാണാം. നിരവധി പേര്‍ ഇരുവരുടെയും പ്രണയത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലൊത്തുകൂടി. ചിലര്‍ ഇരുവരുടെയും വിവാഹത്തിന് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ വീഡിയോ തങ്ങളെ കരയിച്ചെന്ന് എഴുതി. Majically News എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ഈ അപൂർവ പ്രണയസാഫല്യത്തിന്‍റെ വീഡിയോ പുറത്ത് വിട്ടത്. ഒരു ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു.