തടാകക്കരയിൽ ഒരൊറ്റ വരിയായിരുന്ന് വെള്ളം കുടിക്കുന്ന 20 സിംഹങ്ങളുടെ വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ് !

Advertisement

സിംഹമെന്ന് കേൾക്കുമ്പോൾ വലിയ ഭയമൊന്നും തോന്നുമില്ലെങ്കിലും തൊട്ട് മുന്നിൽ ഒരു സിംഹത്തെ കണ്ടാൽ നമ്മളിൽ പലരും നിന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും മറന്ന മട്ടിലാകുമെന്നതിൽ തർക്കമുണ്ടാകില്ല. അപ്പോൾ 20 സിംഹത്തെ ഒന്നിച്ച് കണ്ടാലോ? പിന്നെ ബോധം വീണിട്ട് വേണ്ടേ എന്നാകും പലരും ചിന്തിക്കുന്നത് തന്നെ. അതെ, 20 സിംഹങ്ങൾ ഒന്നിച്ച് ഒരു തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലാണിന്ന്.

ദക്ഷിണാഫ്രിക്കയിലെ മലമാല ഗെയിം റിസർവിലെ നദീതീരത്താണ് സിംഹങ്ങളുടെ ഈ അപൂർവ്വ വെള്ളം കുടി ചിത്രീകരിക്കപ്പെട്ടത്. സിംഹങ്ങളെല്ലാം അല്പം പോലും നിരതറ്റാതെ ഒരേ നിരയിൽ വരിവരിയായി നിന്നാണ് വെള്ളം കുടിക്കുന്നത്. ഒരു സിംഹം മാത്രം വരിയിൽ സ്ഥലം കിട്ടാതെ അല്പം മാറിയിരുന്ന് സ്വസ്ഥമായിരുന്ന് വെള്ളം കുടിക്കുന്നതും കാണാം. LatestSightings.com ൻറെ സ്ഥാപകനും സിഇഒയുമായ നദവ് ഒസെൻഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പ്രഭാത സവാരിക്ക് ഇടയിലാണ് ഈ അസാധാരണ നിമിഷം അദ്ദേഹത്തിൻറെ ക്യാമറയിൽ പതിഞ്ഞത്. തുടർന്ന് ഈ അസാധാരണ നിമിഷങ്ങളുടെ ദൃശ്യങ്ങൾ തൻറെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പുറത്തുവിട്ടു. നാല് ദിവസം കൊണ്ട് 10 ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട നിരവധി പേർ തങ്ങളുടെ ആശ്ചര്യം പങ്കുവച്ചു.

പ്രഭാത സവാരിക്ക് ശേഷം ക്യാമ്പിലേക്ക് മടങ്ങുമ്പോഴാണ് ഈ ദൃശ്യങ്ങൾ കാണാൻ ഇടയായത് എന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ആദ്യം കണ്ടത് പുഴയോരത്ത് ഒരു ആനക്കൂട്ടം വെള്ളം കുടിക്കുന്നത് ആയിരുന്നു. ആ കാഴ്ച കണ്ട് അൽപദൂരം കൂടി മുന്നോട്ടു സഞ്ചരിച്ചതിന് ശേഷമാണ് സിംഹങ്ങളുടെ അപൂർവ സംഗമം കാണാനിടയായത് എന്നാണ് അദ്ദേഹം പറയുന്നത്. ദൃശ്യങ്ങളിൽ ആദ്യം ഒരു സിംഹമാണ് വെള്ളം കുടിക്കാനായി എത്തുന്നത്. അത് വെള്ളം കുടിച്ചു തുടങ്ങിയപ്പോഴേക്കും ഓരോരോ ചെറിയ കൂട്ടങ്ങളായി കൂടുതൽ സിംഹങ്ങൾ അവിടേക്ക് എത്തിത്തുടങ്ങി. തുടർന്ന് അവ ഓരോന്നും ഒന്നിനോട് ഒന്ന് ചേർന്ന് നിരനിരയായി നദീതീരത്ത് നിന്നുകൊണ്ട് വെള്ളം കുടിക്കാൻ തുടങ്ങി. അല്പം പോലും നിരതെറ്റാതെയാണ് അവ നിൽക്കുന്നത് എന്നതാണ് ഏറെ ആകർഷകമായ കാര്യം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെ സിംഹങ്ങളുടെ കൂട്ടായ്മയെയും അച്ചടക്ക ബോധത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

Advertisement