ഭാരം കൂടിയതിനാൽ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ട് വിമാനക്കമ്പനി

Advertisement

മോശം കാലാവസ്ഥയും വിമാനത്തിലെ അമിത ഭാരവും ചൂണ്ടിക്കാട്ടി ഈസിജെറ്റ് തങ്ങളുടെ വിമാനത്തിലെ യാത്രക്കാരായ 19 പേരോട് വിമാനത്തിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ജൂലൈ 5 ന് ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകളിൽ വിമാന യാത്രക്കാരോട് സംസാരിക്കവെ ‘പറന്നുയരാൻ കഴിയാെൂംത്തയത്രയും ഭാരം വിമാനത്തിനുള്ളതായി’ പൈലറ്റ് പറയുന്നത് കേൾക്കാം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറയുന്നു. വീഡിയോയുടെ തുടക്കത്തിൽ വിമാനത്തിന് എന്തുകൊണ്ടാണ് വായുവിലൂടെ സഞ്ചരിക്കാൻ കഴിയാത്തത് എന്നതിൻറെ സാങ്കേതികത വിശദീകരിക്കാൻ പൈലറ്റ് ശ്രമിക്കുന്നു.

പ്രതികൂലമായ കാറ്റും ചെറിയ റൺവേയുമാണ് വിമാനം പുറപ്പെടാൻ കഴിയാത്തതിൻറെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ‘കാരണം നിങ്ങൾ ഒരുപാടു പേരുണ്ട്. ഇത് വളരെ ഭാരമുള്ള വിമാനമാണ്. വളരെ ചെറിയ റൺവേയും ഒപ്പം പ്രതികൂലമായ കാറ്റും. എല്ലാം കൂടി ചേർന്ന് ലാൻസറോട്ടിലെ നിലവിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം, വിമാനം പുറപ്പെടാൻ കഴിയാത്തത്ര ഭാരമുള്ളതാക്കി, ”അദ്ദേഹം പറഞ്ഞു. “സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, നിലവിലെ കാറ്റിൻറെ അവസ്ഥയിൽ, ഈ വിമാനം ആകാശത്തെത്തിക്കുവാൻ ഒരു മാർഗവുമില്ല. നിരവധി ഘടകങ്ങളുണ്ട്, അത് വളരെ ചൂടാണ്, കാറ്റ് അതിശയകരമല്ല, പക്ഷേ, ദിശ മികച്ചതല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒടുവിൽ പ്രശ്നപരിഹാരത്തിന് എയർ ലൈൻ കണ്ടെത്തിയ മാർഗ്ഗം വിമാനത്തിൻറെ ഭാരം കുറയ്ക്കുക എന്നതായിരുന്നു. തുടർന്ന് പൈലറ്റ് തൻറെ വിമാനത്തിലെ യാത്രക്കാരോട് അഭ്യർത്ഥിച്ചു. “സാധ്യമെങ്കിൽ, ഇന്ന് രാത്രി ലിവർപൂളിലേക്ക് പറക്കേണ്ടെന്ന് വയ്ക്കാൻ 20 യാത്രക്കാരോട് ഞാൻ ആവശ്യപ്പെടുന്നു.” പിന്നാലെ വിമാനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകുന്നവർക്ക് എയർലൈൻ പണം നൽകുമെന്ന അറിയിപ്പുണ്ടായി.’ ഇന്ന് രാത്രി പറക്കാതിരിക്കാൻ തയ്യാറുള്ള ഒരു യാത്രക്കാരന് 500 യൂറോ (ഏകദേശം 45,000 രൂപ) നൽകാ’മെന്നാണ് ഈസിജെറ്റ് അറിയിച്ചു. വിമാനത്തിൻറെ ഭാര പരിധി കവിയുമ്പോൾ യാത്രക്കാരെ കുറയ്ക്കുന്നത് ‘ഒരു സാധാരണ പ്രവർത്തിയാണെന്ന്’ പിന്നീട് എയർലൈൻ വക്താവ് സ്ഥിരീകരിച്ചു. “ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഈസിജെറ്റിൻറെ ഏറ്റവും ഉയർന്ന മുൻഗണനയാണ്,” പ്രതിനിധി പറഞ്ഞു. വിമാനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറായ യാത്രക്കാർക്ക് പിന്നീട് മറ്റൊരു വിമാനത്തിൽ സൗജന്യ യാത്ര നൽകിയതായും അവർ കൂട്ടിച്ചേർത്തു.