ലണ്ടൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ പുറത്താക്കി ആശുപത്രി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്സ് അന്വേഷണത്തിൽ സമ്മതിച്ചു.
പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയിൽ കണ്ടതെന്നാണു റിപ്പോർട്ട്. രാത്രിയിൽ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നഴ്സ് ആംബുലൻസ് വിളിച്ചില്ലെന്നും ആരോപണമുണ്ട്. വൃക്കരോഗിയായ ഇയാൾ ഡയാലിസിസിനായി ആശുപത്രിയിൽ വന്നതോടെയാണു നഴ്സുമായി അടുപ്പത്തിലായത്.
ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണു രോഗിയുടെ മരണമെന്നു യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗിയുമായുള്ള ബന്ധത്തെപ്പറ്റി അറിവുണ്ടായിരുന്ന സുഹൃത്തുക്കൾ, ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി വിലക്കിയെങ്കിലും നഴ്സ് പിൻവാങ്ങിയില്ലെന്നാണു വിവരം. തൊഴിലിന്റെ ധാർമികതയും അടിസ്ഥാനമൂല്യവും കാത്തുസൂക്ഷിക്കുന്നതിൽ പെനിലോപ് വില്യംസ് പരാജയപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്.
രോഗി അത്യാസന്ന നിലയിലായ വിവരം പെനിലോപ് സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ഉടനെ ആംബുലൻസ് വിളിച്ച് വൈദ്യസഹായം നൽകണമെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചതു പെനിലോപ് ചെവിക്കൊണ്ടില്ല. സുഖമില്ലെന്നു ഫെയ്സ്ബുക്കില്‍ സന്ദേശമയച്ചതു കണ്ടിട്ടാണു രോഗിയെ കാണാൻ കാറിനടുത്തേക്കു പോയതെന്നാണു നഴ്സ് ആദ്യം പൊലീസിനോടു പറഞ്ഞത്. 30–45 മിനിറ്റ് നേരം വെറുതെ സംസാരിക്കുക മാത്രമേയുണ്ടായുള്ളൂ എന്നും മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിലാണ് അടുപ്പത്തെപ്പറ്റിയും ലൈംഗിക ബന്ധത്തെപ്പറ്റിയും ഇവർ തുറന്നുപറഞ്ഞത്.