ലാർകാന: ഒരേ ജന്മദിനത്തിൽ പിറന്ന കുടുംബാംഗങ്ങളുടെ റെക്കോർഡുമായി ഒരു കുടുംബം. പാകിസ്താനിലെ ലാർകാനയിൽ നിന്നുള്ള കുടുംബത്തിലെ ഒൻപത് പേരുടേയും ജന്മ ദിനം ഒന്നാണ്.
ഓഗസ്റ്റ് ഒന്നിന് ഒന്നല്ല ഒൻപത് പേരാണ് ഈ വീട്ടിൽ പിറന്നാൾ ആഘോഷിക്കുന്നത്. അമീർ- ഖദീജ എന്നിവരുടെ മാംഗി കുടുംബത്തിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചിരിക്കുന്നത്.
അമീർ, ഖദീജ ദമ്പതികളുടെ മക്കളായി സിന്ധു, സൌസി, സപ്ന, ആമിർ, അംബർ, അമ്മർ, അംഹർ എന്നിവർ ഓഗസ്റ്റ് ഒന്നിന് ജനിച്ചവരാണ്. 19 മുതൽ 30 ഇടയിലാണ് ഇവരുടെ പ്രായം. ഒരേ ദിവസം പിറന്ന സഹോദരങ്ങളെന്ന റെക്കോർഡും ഇവർ തന്നെയാണ് നേടിയിട്ടുള്ളത്. അമീറിൻറെയും ഖദീജയുടേയും വിവാഹ വാർഷിക ദിനം കൂടിയാണ് ഓഗസ്റ്റ് 1. 1991ലാണ് ഇവർ വിവാഹിതരായത്. 1992ലാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. അന്ന് മക്കളെല്ലാം പിറക്കാൻ പോവുന്നത് ഒരേ ദിവസം തന്നെയായിരിക്കുമെന്ന് ചെറിയ വിചാരം പോലും ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു.
ഇവരുടെ മക്കളിൽ രണ്ട് സെറ്റ് ഇരട്ടക്കുട്ടികളുമുണ്ട്. ഒരേ പിറന്നാളിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നതായി രേഖപ്പെടുത്തിയിട്ടുള്ള അഞ്ചാമത്തെ സംഭവമാണ് ഇത്. സാധാരണ ഗതിയിൽ വിശാലമായ ആഘോഷ പരിപാടികളൊന്നും ഇല്ലാതെയാണ് ഓഗസ്റ്റ് ഒന്ന് കടന്നുപോവാറ്. എന്നാൽ ഇത്തവണ ഗിന്നസ് റെക്കോർഡ് നേട്ടത്തിൻറെ പേരിൽ ഇത്തിരി ആഘോഷങ്ങളാവാമെന്ന നിലപാടിലാണ് കുടുംബമുള്ളത്.