പ്രാഗ്: വിശ്വപ്രസിദ്ധ എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക് പബ്ലിക് ബ്രോഡ്കാസ്റ്റ് ടെലിവിഷനാണ് മരണവിവരം അറിയിച്ചത്.
ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേര, നാട്ടിലെ പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിലാണ് ജീവിച്ചിരുന്നത്. ചൊവ്വാഴ്ച പാരിസിലായിരുന്നു അന്ത്യം. മനുഷ്യത്വവിരുദ്ധമാകുന്ന അധികാരത്തിനും ഭരണകൂടത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത കുന്ദേരയുടെ പ്രശസ്ത കൃതികൾ ദ് അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ദ് ജോക്ക്, ഇമ്മോർട്ടാലിറ്റി, ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് തുടങ്ങിയവയാണ്.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബർണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. പിയാനിസ്റ്റും സംഗീതപണ്ഡിതനുമായിരുന്ന ലുഡ്വിക് കുന്ദേരയായിരുന്നു പിതാവ്. കുട്ടിക്കാലത്ത് മിലൻ കുന്ദേര പിയാനോ പഠിച്ചിരുന്നു. പിന്നീട് മ്യൂസിക്കോളജിയും പഠിച്ചു. കൗമാരത്തിൽ അദ്ദേഹം ചെക്കോസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1948 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാൾസ് സർവകലാശാലയിൽ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാൻ ചേർന്നു. പിന്നീട് അക്കാദമി ഓഫ് പെർഫോമിങ് ആർട്സിൽ വിദ്യാർഥിയായി. പാർട്ടി വിരുദ്ധ നിലപാടെടുത്തു എന്ന പേരിൽ 1950 ൽ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി. 1967 ൽ എഴുതിയ ദ് ജോക്ക് എന്ന നോവലിൽ അതിനെപ്പറ്റി സൂചനകളുണ്ട്.
ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ എടുത്ത നിലപാടുകളാണ് കുന്ദേരയെ ഭരണകൂടത്തിന് അനഭിമതനാക്കിയത്. 1956 ൽ പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ൽ വീണ്ടും പുറത്താക്കി.
അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തിൽ കുന്ദേരയും പങ്കാളിയായിരുന്നു. അതാണ് കുന്ദേരയെ വീണ്ടും പുറത്താക്കിയതിൽ കലാശിച്ചത്. കമ്യൂണിസ്റ്റ് സർക്കാർ കുന്ദേരയുടെ കൃതികൾ നിരോധിച്ചു. 1979 ൽ കുന്ദേരയുടെ ചെക്കോസ്ലോവാക്യൻ പൗരത്വം സർക്കാർ റദ്ദാക്കി. അതിനുമുൻപ്വ1975 ൽത്തന്നെ അദ്ദേഹം ഭാര്യയ്ക്കൊപ്പം ഫ്രാൻസിലെത്തിയിരുന്നു. ഫ്രഞ്ച് സർക്കാർ 1981 ൽ അവർക്കു ഫ്രഞ്ച് പൗരത്വം നൽകി. പിന്നീട് 2019 ലാണ് ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് തങ്ങളുടെ രാജ്യത്തിന്റെ പൗരത്വം തിരികെ നൽകിയത്.