ഐസ്ക്രീം പ്രേമികളെ ഇതറിയൂ; മധുരം ഒഴിവാക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ സ്വീറ്റ്നെർ ‘അസ്പാട്ടം’ കാൻസറിന് കാരണമാകുന്നതായി റിപ്പോർട്ട്

Advertisement

ജനീവ: ശീതള പാനീയത്തിലും ചൂയിങ് ഗമ്മിലും ഐസ്ക്രീമിലുമടക്കം മധുരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന അസ്പാട്ടം കാൻസറിന് കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ട്. 1980 മുതൽ ഉപയോഗത്തിലുള്ള കെമിക്കൽ സ്വീറ്റ്‍നറാണ് അസ്പാട്ടം. അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ അപകടമില്ലെന്നും പഠന റിപ്പോർട്ട് പറയുന്നു. കൊക്കകോള ഉൾപ്പെടെയുള്ള ശീതള പാനീയങ്ങളിൽ അസ്പാട്ടം ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ റിപ്പോർട്ട് പുറത്ത് വിടുന്നത്.

ഒരു കിലോ ശരീരഭാരത്തിന് 50 മില്ലിഗ്രാം വരെ ദിവസേന ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും പഠനം വിശദമാക്കുന്നു. എന്നാൽ യൂറോപ്യൻ സ്റ്റാൻഡാർഡ് അനുസരിച്ച് ഒരു കിലോയ്ക്ക് ഇത് 40 മില്ലിഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ രണ്ട് വ്യത്യസ്ത വിദഗ്ധ പാനലുകളുടേതാണ് റിപ്പോർട്ട്. ആദ്യ പാനൽ അസ്പാട്ടം എത്രത്തോളം അപകടകാരിയാണെന്ന പഠനം നടത്തിയപ്പോൾ രണ്ടാമത്തെ പാനൽ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന അളവാണ് പരിശോധിച്ചത്. ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ഉപയോഗിക്കുന്നതിന് പകരം വെള്ളം ഉപയോഗിക്കുന്നതാണ് നല്ല തീരുമാനമെന്നാണ് ലോകാരോഗ്യ സംഘടന അധികൃതർ വിശദമാക്കുന്നത്.

ക്യാൻസർ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസിയായ ഐഎആർസി മധുരത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന കെമിക്കലുകൾ ക്യാൻസറിന് കാരണമാകുന്നതായി വിലയിരുത്തിയിരുന്നു. എന്നാൽ അമിതമായ അളവിൽ ഇത്തരം കെമിക്കലുകൾ ശരീരത്തിൽ എത്തുന്ന അവസ്ഥയേയാണ് പേടിക്കേണ്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാർഷിക, ഭക്ഷ്യ മേഖലയിലെ സംയുക്ത കമ്മിറ്റി വിശദമാക്കുന്നത്. എന്നാൽ ഈ വാദത്തിൽ കഴമ്പില്ലെന്ന് നിരവധി വിദഗ്ധർ അവകാശപ്പെടുന്നുണ്ട്.

അസ്പാട്ടം അപകടകാരിയാവുന്നത് സംബന്ധിച്ച കൃത്യമായ തെളിവുകളുടെ അഭാവമാണ് ഈ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മധുരം ഉപയോഗം കുറയ്ക്കാനായി ആളുകൾ ശ്രമിക്കുന്നവർക്ക് അസ്പാട്ടം പരിഹാരമെന്ന രീതിയിലാണ് പ്രയോജനപ്പെടുന്നതെന്നും ചില വിദഗ്ധർ അവകാശപ്പെടുന്നു. 60-70 കിലോ ഭാരമുള്ള ഒരാൾക്ക് 9-14 ക്യാൻ സോഫ്റ്റ് ഡ്രിങ്കുകൾ ഒരേ ദിവസം കഴിക്കുന്നതാണ് നിലവിലെ മാനദണ്ഡങ്ങളുടെ പരിധികൾക്ക് അപ്പുറമാകുന്നത്. ഇത് സാധാരണ നിലയിൽ ആളുകൾ ഉപയോഗിക്കുന്നതിനേക്കാൾ പത്ത് മടങ്ങ് അധികമാണെന്നാണ് വിവിധ കണക്കുകൾ വിശദമാക്കുന്നത്.

അമേരിക്കൻ കെമിസ്റ്റ് ആയി ജെയിംസ് ഷ്ലാറ്റെറാണ് 1965ൽ അസ്പാട്ടം കണ്ടെത്തിയത്. സീറോ കലോറിയുടെ പേരിൽ അസ്പാട്ടം ഏറെ പ്രശസ്തി നേടിയിരുന്നു. 1974ലാണ് എഫ്ഡിഎ അംഗീകാരം അസ്പാട്ടത്തിന് ലഭിക്കുന്നത്. സെറിൽ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ, ഡയറ്റ് കോക്ക്, ച്യൂയിംഗം, മധുരമില്ലാത്ത കഫ് സിറപ്പ്, പുഡ്ഡിംഗ്, ബേക്കറി പലഹാരങ്ങൾ എന്നിവയിൽ അസ്പാട്ടം സർവ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട്.