ബെയ്‍ജിങ്∙ ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അധ്യാപികയെ വ്യാഴാഴ്ച വധശിക്ഷയ്ക്കു വിധേയമാക്കി. മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണു വധശിക്ഷയ്ക്കു വിധേയമാക്കിയത്. വാർത്താ ഏജൻസിയായ എപിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2019 മാർച്ചിലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിട്ടു. പിന്നാലെ ഇവർ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിറ്റേദിവസം കിൻഡർഗാർഡിനിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഇത് കലർത്തുകയുമായിരുന്നു.
2020 ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികൾക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അധ്യാപിക സോഡിയം നൈട്രറ്റ് കലർത്തിയത് കണ്ടെത്തിയത്.
ഒൻപതുമാസത്തെ തടവുശിക്ഷയായിരുന്നു അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത്. പിന്നാലെ 2020 സെപ്റ്റംബറിൽ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.