മസാചുസെറ്റ്സ്: പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ. പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിനാവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണ് കണ്ടെത്തിയതെന്ന് ഗവേഷകർ അവകാശപ്പെട്ടു. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേർണലിലാണ് ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്.
എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം വജയിച്ചു. അടുത്ത വർഷം അവസാനത്തോടെ മനുഷ്യരിലും പരീക്ഷിക്കും. മൂന്ന് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിൻക്ലയർ ട്വീറ്റ് ചെയ്തു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടെ വാർധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനം.
ചർമ്മകോശങ്ങളിലെ വാർധക്യ പ്രക്രിയയെ തടയാൻ കഴിവുള്ള ആറ് രാസ സംയോജനങ്ങൾ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തൽ മനുഷ്യ വംശത്തിന്റെ ചുവടുവെപ്പാണെന്നും ഡോ. സിൻക്ലയർ പറഞ്ഞു. കോടീശ്വരൻ എലോൺ മസ്‌കടക്കമുള്ളവർ വാർത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകൾ പരീക്ഷിച്ചപ്പോൾ വാർധക്യം കുറയുമെന്ന് ഫലങ്ങൾ സൂചിപ്പിച്ചു. ഒറ്റ മരുന്നു കൊണ്ട് വാർധക്യം മാറ്റാനുള്ള കഴിവ് പ്രതീക്ഷിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് മുതൽ വാർധക്യസഹജമായ രോഗങ്ങൾ ഫലപ്രദമായി ചികിത്സിക്കാൻ വരെയാകുമെന്നും ഡോ. സിൻക്ലെയർ പറഞ്ഞു.
അതേസമയം, കണ്ടെത്തലിൽ ശാസ്ത്ര ലോകത്ത് സംശയങ്ങളുമുയർത്തി. ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ബയോജറന്റോളജിസ്റ്റായ മാറ്റ് കെബർലിൻ മുന്നറിയിപ്പ് നൽകി. മെറ്റബോളിസം ഗവേഷകനായ ഡോ. ചാൾസ് ബ്രെന്നർ പഠനത്തിലെ മൂന്ന് സംയുക്തങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ചില സംയുക്തങ്ങൾ കരളിനെ ബാധിക്കുമെന്നും അപകട സാധ്യതകളെക്കുറിച്ച് പഠനം പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. കണ്ടെത്തലിനെ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം നോക്കിക്കാണുന്നത്.