മൂന്ന് ആനക്കുട്ടികൾക്ക് തുല്യമായ തൻറെ ഭാരം കുറച്ച് ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ !

Advertisement

തടി കുറച്ചതിന് മുമ്പും പിമ്പും എന്ന് കുറിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ നമ്മൾ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. ചിലർ നാല് മാസം കൊണ്ട് പത്ത് കിലോ കുറയ്ക്കുമ്പോൾ മറ്റ് ചിലർ ഈ നേട്ടം ഒരു മാസം കൊണ്ട് കൈവരിക്കുന്നു. എന്നാൽ, 444.5 കിലോ ഭാരമുണ്ടായിരുന്ന, ഏതാണ്ട് മൂന്ന് ആനക്കുട്ടികളുടെ ഭാരത്തിന് തുല്യമായ ഭാരമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ എന്ന പദവി സ്വന്തമാക്കിയിരുന്ന കത്രീന റെയ്‌ഫോർഡ് എന്ന യുഎസ് സ്ത്രീ തൻറെ ശരീരഭാരത്തിൽ നിന്നും 304 കിലോയാണ് കുറച്ചത്.

തൻറെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ അവർ തൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. അതിമഭാരം നിമിത്തം എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത അവസ്ഥയിൽ കിടക്കയിൽ തന്നെയായിരുന്നു കത്രീന റെയ്‌ഫോർഡ് ഏറെക്കാലം ചെലവഴിച്ചത്. ഫാസ്റ്റ് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ, പിസ്സ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം അവരുടെ ശരീരഭാരം നിയന്ത്രണാതീതമായി ഉയർത്തി തുടങ്ങിയ ഒമ്പതാം വയസ്സ് മുതൽ കത്രീന തൻറെ ഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയിരുന്നു. പിന്നീട് അമിത ശരീരഭാരം അവരുടെ ജീവന് കാര്യമായ അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ വിധിച്ചു. അങ്ങനെയാണ് തൻറെ ശരീര ഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കത്രീന തീരുമാനിച്ചത്.

ആ തീരുമാനത്തിലെത്തിയപ്പോഴേക്കും കത്രീന തൻറെ നാല്പത്തിയേഴാം വയസിലേക്ക് പ്രവേശിച്ചിരുന്നു. അതിനകം ഗുരുതരാവസ്ഥയിലായ അവരെ ആശുപത്രിയിലാക്കാൻ കുടുംബം തീരുമാനിച്ചു. പക്ഷേ, ആ കാലമായപ്പോഴേക്കും കത്രീന കിടക്കുന്ന മുറിയുടെ വാതിലൂടെ അവർക്ക് പുറത്ത് കടക്കാൻ കഴിയാതെയായിരുന്നു. ഒടുവിൽ, കത്രീനയുടെ മുറിയുടെ ഒരു ഭാഗം പൊളിച്ച് അതിലൂടെയാണ് അവരെ മുറിക്ക് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ശേഷം അവരെ ആശുപത്രിയിലെത്തിക്കുന്നത് മറ്റൊരു പ്രശ്നമായി. നിലവിൽ ലഭ്യമായ ആംബുലൻസുകളിൽ അവരെ കയറ്റാൻ പറ്റില്ലായിരുന്നു. തുടർന്ന് ഒരു ബുൾഡോസർ കൊണ്ടുവന്ന് അതിലിരുത്തിയാണ് കത്രീനയെ ആശുപത്രിയിലാക്കിയത്.

പിന്നീട് അങ്ങോട്ട് നിരന്തരമായ പരിശോധനകൾ, ശസ്ത്രക്രിയകൾ (gastric bypass procedure), ഡയറ്റ് പരീഷണങ്ങൾ, ചിട്ടയായ വ്യായാമം എന്നിവ കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്നു. ഇങ്ങനെ കൃത്യവും ചിട്ടയുമായ ഭക്ഷണവും വ്യായാമവും കത്രീനയുടെ ഭാരം അതിശയകരമായി കുറയാൻ കാരണമായി. ശരീര ഭാരത്തിൽ കാര്യമായ കുറവ് വന്നെങ്കിലും അവരുടെ ചർമ്മം കുറയ്ക്കുകയെന്നത് മറ്റൊരു വെല്ലുവിളിയായി അവശേഷിച്ചു. അമിത ഭാരം കുറയ്ക്കുമ്പോൾ ഇത്തരത്തിൽ ചർമ്മത്തിൻറെ പ്രശ്നം ഒരു സാധാരണ സംഭവമാണ്. ശരീരഭാരം കുറയ്ക്കാനുള്ള അവസാന ശ്രമത്തിനായി പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കത്രീന. ശരീരത്തിൽ ഇപ്പോഴും അമിതമായുള്ള ത്വക്ക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി ധാരാളം പണം ആവശ്യമാണ്. ഇത്തരത്തിൽ നീക്കം ചെയ്യുന്ന ത്വക്ക് ദാനം ചെയ്യുമെന്നും അവർ പറഞ്ഞു.https://www.instagram.com/p/BgOxKe3FwzY/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==