പ്രായത്തെ എതിര്‍ദിശയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന കണികകള്‍ കണ്ടെത്തി

Advertisement

മൂന്ന് വര്‍ഷത്തെ പഠനത്തിലൂടെ ഹാര്‍വഡിലെ ഗവേഷകര്‍ പ്രായത്തെ എതിര്‍ദിശയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന കണികകള്‍ കണ്ടെത്തി. കോശങ്ങളുടെ പ്രായം കുറച്ച് അവയെ യുവത്വമുള്ളതാക്കാന്‍ സഹായിക്കുന്ന കെമിക്കല്‍ കോക്ടെയ്ല്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് സാധിച്ചെന്നാണ് പറയുന്നത്.
ജീന്‍ തെറാപ്പിയിലൂടെയും എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ചും പ്രായം പിന്നിലേക്ക് കൊണ്ടു പോകാമെന്ന് ഇവര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠന ഫലങ്ങളില്‍ പറയുന്നത്.
ഒപ്റ്റിക് നാഡിയിലും തലച്ചോറിലെ കോശസംയുക്തത്തിലും വൃക്കയിലെയും പേശികളിലെയും കോശങ്ങളിലും പ്രതീക്ഷ നല്‍കുന്ന ഫലങ്ങളാണ് ലഭിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. എലികളിലും കുരങ്ങുകളിലും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ജീവിതദൈര്‍ഘ്യം നീട്ടാനും ഇതുവഴി സാധിച്ചു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഈ രാസസംയുക്തങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.