റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത കാസ്റ്റ് എവേ എന്ന വിശ്വവിഖ്യാതമായ ചലച്ചിത്രം കണ്ടവർ ഒരിക്കലും അതിലെ നായകനായ ടോം ഹാങ്ക്സിനെ മറക്കാൻ സാധ്യതയില്ല. ഒരു ചെറു ദ്വീപിൽ ഒറ്റപ്പെട്ട് പോയ ഒരു മനുഷ്യൻറെ കഥയായിരുന്നു അത്.
അതീജീവിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഒരോ ശ്രമങ്ങളും പരാജയപ്പെടുന്നു. ഒടുവിൽ അദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തുമ്പോൾ ഭാര്യ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ടോം ഹാങ്ക്സ് അവതരിപ്പിച്ച ചക്ക് നോലൻഡ് എന്ന കഥാപാത്രത്തിന് സമാനമായ ഒരു ജീവിതത്തിലൂടെ കടന്ന് പോയ ഒരാൾ കഴിഞ്ഞ ദിവസം മെക്സിൻറെ ക്കന് തുറമുഖത്തെത്തി. ഓസ്‌ട്രേലിയൻ നാവികനായ ടിം ഷാഡോക്ക് (54) ആയിരുന്നു അത്. തൻറെ നായ ബെല്ലയുമായി പസഫിക് സമുദ്രത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേയുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് മാസങ്ങളോളും കടലിൽ അലഞ്ഞ ശേഷമായിരുന്നു അദ്ദേഹം മെക്സിക്കൻ തീരത്ത് അടിഞ്ഞത്. കടൽക്ഷോഭത്തിൽ ബോട്ട് പ്രവർത്തനരഹിതമായിരുന്നു.
കടലിലെ ഒഴുക്കിനനുസരിച്ചായിരുന്നു പിന്നീടുള്ള യാത്ര. ഏതാണ്ട് രണ്ട് മാസത്തോളം ഇത്തരത്തിൽ കടലിൽ അലഞ്ഞ് തിരിഞ്ഞ ടിം ഷാഡോക്കും അദ്ദേഹത്തിൻറെ നായയും മീൻ തിന്നും മഴ വെള്ളവും കുടിച്ചുമാണ് ജീവൻ നിലനിർത്തിയത്. രണ്ട് മാസത്തെ യാതനയ്ക്ക് ശേഷം മെക്സിക്കൻ തുറമുഖമായ മാൻസാനില്ലോയിലെത്തുമ്പോൾ അദ്ദേഹം മെലിഞ്ഞുണങ്ങി, താടിയും മുടിയും വളർന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരുന്നു. അപ്പോഴും ടിം ഷാഡോക്കിൻറെ തൊപ്പിയിൽ മത്സ്യബന്ധന കമ്പനിയായ ഗ്രുപോമറിൻറെ ലോഗോ ഉണ്ടായിരുന്നു. തീരത്തേക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ കാത്ത് നിന്ന മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, ‘ഞാൻ ജീവിച്ചിരിപ്പുണ്ട്. അതിന് കഴിയുമെന്ന് കരുതിയതല്ല. അതിനാൽ എല്ലാവരോടും വളരെയധികം നന്ദി.’ എന്നായിരുന്നു. ‘ബെല്ല, തന്നെക്കാൾ ധൈര്യശാലിയാണെന്നും അവളാണ് തൻറെ ജീവിൻ നിലനിർത്തിയതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. കരയിൽ നിന്ന് 1200 മൈലിലധികം ദൂരത്ത് ഒരു ബോട്ടും അതിൽ ഒരു മനുഷ്യനും നായയും ഒഴുകി നടക്കുന്നത് കണ്ട ഒരു ഹെലികോപ്റ്റർ നൽകിയ സന്ദേശത്തെ തുടർന്ന് മരിയ ഡെലിയ എന്ന മത്സ്യബന്ധന കപ്പലാണ് ടിം ഷാഡോക്കിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.