സുഹൃത്തിനെ കാണാനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതി പാകിസ്ഥാനില്‍; കുടുംബം വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ

Advertisement

ജയ്പൂര്‍: വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍. രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. എന്നാല്‍ ഭാര്യ പാകിസ്ഥാനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്.

യുവതി തങ്ങളുമായി വാട്സ്ആപിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ഫോണ്‍ വിളിച്ചെന്നും ഭര്‍ത്താവ് പറയുന്നു. താന്‍ ലാഹോറിലാണുള്ളതെന്നും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ തിരികെ വരുമെന്നും അഞ്ജു അറിയിച്ചതായി ഭര്‍ത്താവ് പറഞ്ഞു. ഭാര്യ മടങ്ങിവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സ്വകാര്യ കമ്പനിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് അഞ്ജു. വിദേശത്ത് ജോലിക്കു ശ്രമിക്കാനായി 2020ല്‍ പാസ്‍പോര്‍ട്ട് എടുത്തിരുന്നു. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. രണ്ട് മക്കളുണ്ട്. ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ നിന്നുള്ള അഞ്ജു കുടുംബത്തോടൊപ്പം രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ജുവിന്റെ സഹോദരനും ഈ വീട്ടില്‍ ഒപ്പമുണ്ട്.

ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍ പൗരന്‍ നസ്റുള്ളയെ കാണാനാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന 29കാരനായ നസ്റുള്ളയുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജു പരിചയപ്പെട്ടത്. പാകിസ്ഥാനിലെത്തിയ യുവതിയെ അവിടെ ആദ്യം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യാത്രാ രേഖകളെല്ലാം ശരിയായിരുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement