മൃഗശാലയിലെ കരടി, കരടിയോ മനുഷ്യനോ? പരസ്പരം ഏറ്റുമുട്ടി നെറ്റിസൺസ്; വിശദീകരണവുമായി മൃഗശാലാ അധികൃതർ

Advertisement

ചൈനയിലെ ഹാങ്‌ഷൂ മൃഗശാലയിലെ ഏഞ്ചല എന്ന കരടിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിൻ കാലുകളിൽ ഉയർന്ന് നിന്ന് സന്ദർശകർ എറിഞ്ഞ് കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ പിടിക്കാൻ ശ്രമിക്കുന്ന കരടിയുടെ വീഡിയോയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

വീഡിയോയിൽ മനുഷ്യൻറെ ചേഷ്ടകളോട് ഏറെ അടുത്തു നിൽക്കുന്ന തരത്തിലായിരുന്നു കരടിയുടെ പെരുമാറ്റം. പിന്നാലെ വീഡിയോയിലുള്ളത് കരടിയല്ലെന്നും മറിച്ച് സന്ദർശകരെ പറ്റിക്കാനായി മൃഗശാലാ അധികൃതർ കരടിയുടെ വേഷം ധരിപ്പിച്ച് മനുഷ്യനെ നിർത്തിയതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. പിന്നാലെ സാമൂഹിക മാധ്യത്തിൽ ഇരുവാദങ്ങളുമുയർത്തിയവർ തമ്മിൽ തർക്കം തുടങ്ങി. കരടിക്ക് മനുഷ്യനെ പോലെ ഏങ്ങനെ പെരുമാറാൻ കഴിയുന്നുവെന്ന് ചിലർ സംശയമുന്നയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ ചർച്ച കൊഴുത്തതിന് പിന്നാലെ മൃഗശാലക്കാർ നേരിട്ട് ഏഞ്ചല എഴുതുന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ കുറിപ്പെഴുതി. താൻ യഥാർത്ഥ കരടിയാണെന്ന് സമർത്ഥിച്ചു. മൃഗശാല അധിക‍ൃതർ ഇങ്ങനെ കുറിച്ചു. ‘ ഞാൻ ഒരു മനുഷ്യനാണെന്ന് ചിലർ കരുതുന്നു. നിങ്ങൾ എന്നെ നന്നായി മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. കരടികളുടെ കാര്യം പറയുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ഒരു വലിയ രൂപവും അതിശയകരമായ ശക്തിയുമാണ്. എന്നാൽ എല്ലാ കരടികളും ഭീമന്മാരും അപകടസാധ്യതയുള്ളവരുമല്ല. ഞങ്ങൾ മലയൻ കരടികൾ ചെറുതാണ്, ലോകത്തിലെ ഏറ്റവും ചെറിയ കരടി.’

അതിശക്തമായ വേനലിൽ എങ്ങനെയാണ് അത്തരമൊരു രോമക്കുപ്പായമിട്ട് വെയിലത്ത് ഒരു മനുഷ്യന് നിൽക്കാൻ കഴിയുകയെന്നായിരുന്നു ഹാങ്‌ഷു മൃഗശാലാ വക്താവ് പ്രശ്നത്തിൽ ഇടപെട്ട് കൊണ്ട് ചോദിച്ചത്. ‘അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി. ബിബിസിയുടെ പരിപാടിക്കിടെ ചെസ്റ്റർ മൃഗശാലയിലെ വിദഗ്ധനായ ഡോ ആഷ്‌ലീ മാർഷലും ഈ വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ മൃഗം തീർച്ചയായും ഒരു യഥാർത്ഥ കരടിയാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. അവരുടെ തനതായ രൂപവും ചില സവിശേഷതകളും അത് വെളിവാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കരടികൾ എഴുനേറ്റ് നിൽക്കുമ്പോൾ അവയുടെ രോമം മടക്കുകളായി പിന്നിൽ കാണുന്നത് കൃത്രിമമല്ലെന്നും അത് യഥാർത്ഥ കരടിയുടെതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement