മക്കയിലെ വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു. പ്രമുഖ വ്യവസായി എം.എ യൂസുഫലി ചടങ്ങില്‍ പങ്കെടുക്കുകയും മക്ക ഡെപ്യൂട്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്‍ ആണ് വിശുദ്ധ കഅബ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്കിയത്. ഇന്ന് പ്രഭാത നമസ്കാരത്തിന് ശേഷം നടന്ന ചടങ്ങില്‍ പണ്ഡിതരും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം.എ യൂസുഫലിയായിരുന്നു ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ സാന്നിധ്യം.
ചടങ്ങിന് ശേഷം യൂസുഫലി പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഊദും പനിനീര്‍ കലര്‍ത്തിയ സംസം വെള്ളവും സുഗന്ധവും ഉപയോഗിച്ച് കഅബക്കകത്തെ ചുമരുകള്‍ തുടച്ചു കൊണ്ടാണ് കഴുകല്‍ ചടങ്ങ് ആരംഭിച്ചത്. ഉംറ നിര്‍വഹിക്കാനും പ്രാര്‍ഥിക്കാനുമായി മക്കയിലെ ഹറം പള്ളിയില്‍ എത്തിയ ലക്ഷക്കണക്കിനു വിശ്വാസികളെ സാക്ഷി നിര്‍ത്തി വന്‍ സുരക്ഷാ വലയത്തിലാണ് ചടങ്ങ് നടന്നത്. എല്ലാ വര്‍ഷവും ഹിജ്റ വര്‍ഷം മുഹറം 15-നു കഅബ കഴുകല്‍ ചടങ്ങ് നടക്കാറുണ്ട്.