കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹമോചന വാര്‍ത്ത പങ്കുവച്ചത്. 18 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.
സോഫിയയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. പരസ്പര സ്നേഹവും ബഹുമാനവുമുള്ള അടുത്ത കുടുംബമായി ഞങ്ങള്‍ തുടരും. ഇതുവരെ ഒന്നിച്ചു ചെയ്തിരുന്ന കാര്യങ്ങളിലും ഒന്നിച്ച് മുന്നോട്ടുപോകും. മക്കളുടെ നല്ലതിനുവേണ്ടി ഞങ്ങളുടെ സ്വകാര്യത മാനിക്കണം.- ജസ്റ്റിന്‍ ട്രൂഡോ കുറിച്ചു. ഇരുവരും നിയമപരമായി വിവാഹമോചനം നേടാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയും (48) ജസ്റ്റിന്‍ ട്രൂഡോയും (51) 2005ല്‍ ആണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് 15, 14, 9 വയസുള്ള മൂന്നു മക്കളുണ്ട്.