അമിതമായ അളവില്‍ വെള്ളംകുടിച്ച 35 കാരി ഹൈപോനാട്രേമിയ എന്ന ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മരിച്ചു. ഇന്ത്യാന സ്വദേശിയായ ആഷ്‌ലി സമ്മേഴ്‌സ്(35) ആണ് മരിച്ചത്.
ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം ലേക്ക് ഫ്രീമാനില്‍ അവധി ആഘോഷത്തിനിടെയാണ് ആഷ്‌ലി സമ്മേഴ്‌സ് രോഗബാധിതയായി ആശുപത്രിയിലായത്. പെട്ടെന്നുണ്ടായ ദാഹത്തെ തുടര്‍ന്ന് നാല് കുപ്പി വെള്ളമാണ് ആഷ്‌ലി സമ്മേഴ്‌സ് കുടിച്ചത്. വെറും 20 മിനിട്ടിനിടെ ഇവര്‍ 1.89 ലിറ്റര്‍ വെള്ളം കുടിച്ചതായാണ് റിപ്പോര്‍ട്ട്.
വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്‌ബോള്‍ തന്നെ ആഷ്‌ലി സമ്മേഴ്‌സ് കുഴഞ്ഞുവീണു. അബോധാവസ്ഥയില്‍ അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ അവര്‍ മരണപ്പെടുകയായിരുന്നു.
അമിതജലപാനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ഹൈപോനാട്രേമിയ ആരോഗ്യപ്രശ്‌നമാണ് ആഷ്‌ലിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍ ബ്ലേ ഫ്രോബെര്‍ഗ് പറഞ്ഞു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാംവിധം താഴുന്നതാണ് ഹൈപോനാട്രേമിയ.
അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് ജലവിഷബാധ, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ചില ഘട്ടത്തില്‍ ഇവ അതീവ ഗുരുതരമായി മാറിയേക്കാം. അമിതമായ അളവില്‍ വെള്ളം കുടിക്കുമ്‌ബോള്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നതിനെ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുന്നത്.
ശരീരത്തിന് ദ്രാവക ബാലന്‍സ്, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും അതുപോലെ ഞരമ്ബുകള്‍, പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും സോഡിയം ആവശ്യമാണ്. സാധാരണ രക്തത്തിലെ സോഡിയത്തിന്റെ അളവ് 135 മുതല്‍ 145 മില്ലിക്വിവലന്റ്/ലിറ്റര്‍ (mEq/L) ആണ്. സോഡിയത്തിന്റെ അളവ് കുറയാതിരിക്കാന്‍ ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുകയാണ് വേണ്ടത്.
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്, ഓക്കാനം, തലവേദന, ക്ഷീണം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഊര്‍ജ്ജ നഷ്ടം, പേശി ബലഹീനതയും മലബന്ധവും, കോച്ചിപിടിത്തം.
മരണശേഷം ആഷ്‌ലിയുടെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കായി ദാനം ചെയ്തു. നേരത്തെ തന്നെ അവയവദാനത്തിനുള്ള സമ്മതപത്രം ആഷ്‌ലി നല്‍കിയിരുന്നു.