ചിക്കാഗോ: അമേരിക്കയിലെ ചിക്കാദഗോ തെരുവിൽ പട്ടിണി കിടക്കുന്ന ഇന്ത്യൻ യുവതിക്ക് സഹായഹസ്തവുമായി ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. യുവതിക്ക് ചികിത്സ, യാത്രാ സഹായം വാഗ്ദാനവുമായി കോൺസുലേറ്റ് രംഗത്തെത്തി. യുവതിക്ക് ആരോഗ്യപരമായി മറ്റ് കുഴപ്പങ്ങളില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. 2021ൽ, ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോയ സയ്യിദ ലുലു മിൻഹാജ് സെയ്ദി എന്ന യുവതിയെയാണ് ചിക്കാഗോയിലെ തെരുവുകളിൽ പട്ടിണി കിടന്ന് അലയുന്നതായി കണ്ടെത്തിയത്.
അന്വേഷണത്തിൽ യുവതിയുടെ എല്ലാ സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായും അവർ വിഷാദത്തിലാണെന്നും കണ്ടെത്തി. തെലങ്കാന ആസ്ഥാനമായുള്ള പാർട്ടിയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്കിന്റെ (എംബിടി) വക്താവായ അംജെദ് ഉല്ലാ ഖാനാണ് യുവതിയുടെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവന്നത്. തെരുവിൽ മകളെ കണ്ടശേഷം അമ്മ സയ്യിദ വഹാജ് ഫാത്തിമ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതുകയും ഉടൻ ഇടപെട്ട് മകളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
യുവതിക്ക് ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യവും വൈദ്യസഹായവും വാഗ്ദാനം ചെയ്തെന്നും ആരോഗ്യവതിയാണെന്നും ഇന്ത്യയിലെ അമ്മയോട് സംസാരിച്ചെന്നും കോൺസുലേറ്റ് അധികൃതർ പറഞ്ഞു. എന്നാൽ, സഹായവാഗ്ദാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാത്തിരിക്കുകയാണെന്നും എന്ത് സഹായം നൽകാനും തയ്യാറാണെന്നും കോൺസുലേറ്റ് ട്വീറ്റിൽ പറഞ്ഞു.
മകൾ 2021 ഓഗസ്റ്റിൽ യുഎസിലെ ഡിട്രോയിറ്റിലുള്ള TRINE യൂണിവേഴ്സിറ്റിയിൽ ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദത്തിനായി പോയി. അടുത്തിടെ, രണ്ട് ഹൈദരാബാദി യുവാക്കളിലൂടെ മകൾ കടുത്ത വിഷാദാവസ്ഥയിലാണെന്ന് അറിഞ്ഞു. അവളുടെ എല്ലാ സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും അതിനാൽ അവൾ പട്ടിണിയുടെ വക്കിലാണെന്നും ചിക്കാഗോയിൽ അലയുകയാണെന്നും അറിഞ്ഞു. ഇന്ത്യൻ എംബസി ഇടപെട്ട് എന്റെ മകളെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അപേക്ഷിക്കുകയാണെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
അവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചതായി എംബിടി വക്താവ് പറഞ്ഞു. പെൺകുട്ടി യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയിലല്ലെന്നും അവളെ പരിചരിക്കുന്നതിനായി മാതാപിതാക്കളെ ചിക്കാഗോയിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് കോൺസുലേറ്റിൽ നിന്ന് പാസ്‌പോർട്ടും വിസയും ലഭിക്കാൻ അവരെ സഹായിക്കണമെന്ന് ഞങ്ങൾ തെലങ്കാന മന്ത്രി കെടിആറിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.