വിമാനമുപ‌‌യോ​ഗിക്കാതെ ഭൂ​ഗോളത്തിലെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചു; 10 വർഷത്തിന് ശേഷം യുവാവ് സ്വന്തം വീട്ടിൽ!

Advertisement

വിമാനത്തിൽ യാത്ര ചെയ്യാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളും യാത്ര ചെയ്ത യുവാവ് വീട്ടിലെത്തി. ഡെന്മാർക്ക് പൗരനായ പെഡേഴ്സണാണ് 10 വർഷത്തെ യാത്രക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മാല ദ്വീപാണ് പെഡേഴ്സൺ അവസാനമായി സന്ദർശിച്ചത്. മാലദ്വീപിൽ നിന്ന് കപ്പൽ മാർ​ഗം ഡെന്മാർക്കിലേക്ക് തിരിക്കുകയായിരുന്നു.

2013ലാണ് തന്റെ 23ാം വയസ്സിൽ പെഡേഴ്സൺ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി രണ്ടും കൽപ്പിച്ചിറങ്ങിയത്. വിമാനത്തിൽ യാത്ര ചെയ്യാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിക്കുക എന്നതായികുന്നു പെഡേഴ്സന്റെ ആ​ഗ്രഹം. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കണമെന്നും തീരുമാനിച്ചു. വീട്ടിലേക്ക് തിരിച്ചെത്താനുള്ള ത്വരയെ അടക്കി നിർത്താനും അദ്ദേഹം പല മാർ​ഗങ്ങൾ തേടി. ലക്ഷക്കണക്കിന് ഡോളറൊന്നുമില്ലാതെ വളരെ ചെലവ് കുറഞ്ഞതായിരുന്നു ബജറ്റ്. പ്രതിദിനം ഏകദേശം 20 യുഎസ് ഡോളറിൽ ജീവിക്കാനും അദ്ദേഹം തീരുമാനിച്ചു. തന്റെ യാത്രയിലുടനീളം ഈ നിബന്ധനയെല്ലാം തെറ്റാതെ നടപ്പാക്കുകയും ചെയ്തു. ഒടുലിൽ 203ാമത്തെ രാജ്യമായ മാല ദ്വീപും സന്ദർശിച്ച് മെയ് 23ന് കപ്പലിൽ സ്വന്തം ജന്മദേശമായ ഡെന്മാർക്കിലേക്ക് തിരിച്ചു. (ഇതുവരെ 196 രാജ്യങ്ങളാണ് യുഎൻ അം​ഗീകരിച്ചത്). ബസിലും ബൈക്കിലും സൈക്കിളിലും കപ്പലിലും കാറിലുമൊക്കെയായാണ് പെഡേഴ്സൺ തന്റെ സഞ്ചാരം പൂർത്തിയാക്കിയത്.

കപ്പലിൽ തിരികെയെത്തിയതിനും പെഡേഴ്സണ് കാരണങ്ങളുണ്ട്. കപ്പലിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ചക്രവാളങ്ങളെ കാണാനും ഗാംഗ്‌വേയിലൂടെ ഇറങ്ങുമ്പോൾ നിൽക്കാനും കൈ വീശാനും കഴിയുംമെന്നും പെഡ‍േഴ്സൺ പറയുന്നു. ഡാനിഷ് റെഡ് ക്രോസിന്റെ ഗുഡ്‌വിൽ അംബാസഡറായിട്ടാണ് പെഡേഴ്സൺ യാത്ര ചെയ്തത്. മാല ദ്വീപ് സന്ദർശനത്തിന് ശേഷം 33 ദിവസത്തെ യാത്രയ്ക്കായി കൂറ്റൻ കണ്ടെയ്നർ കപ്പലായ എംവി മിലാൻ മെഴ്‌സ്‌കിലാണ് തെരഞ്ഞെടുത്തത്. അതിനായി ശ്രീലങ്ക വഴി മലേഷ്യയിലേക്ക് മടങ്ങി.

നീണ്ട യാത്രക്ക് ശേഷം ജൂലൈ 26-ന്, ഡെൻമാർക്കിന്റെ കിഴക്കൻ തീരത്തുള്ള ആർഹസ് തുറമുഖത്തെത്തി. ഏകദേശം 150 പേർ അദ്ദേഹത്തെ സ്വീകരിക്കാനായി കാത്തുനിന്നു. ഭാര്യ, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എല്ലാവരും പെഡേഴ്സണെ സ്വീകരിക്കാനെത്തി. യാത്രക്കിടെ 2016ലായിരുന്നു വിവാഹം. തന്റെ കാമുകിയായ ലെയോട് 2016-ൽ കെനിയ പർവതത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തി. അവർ 2021-ൽ വിവാഹിതരാകുകയും ചെയ്തു. കണ്ണീരോടെയാണ് ജന്മനാട് തന്നെ സ്വീകരിച്ചതെന്ന് പെ‍ഡേഴ്സൺ പറയുന്നു. എന്നെക്കുറിച്ച് ഇപ്പോൾ എന്റെ കുടുംബം ശരിക്കും അഭിമാനിക്കുന്നു. ഒരുപാട് സ്നേഹമുണ്ടെന്നും പെ‍ഡേഴ്സൺ പറഞ്ഞു.

മനോഹരമായതും വെല്ലുവിളി നിറഞ്ഞതുമായ യാത്ര

2013-ൽ യാത്ര തുടങ്ങുമ്പോൾ പെഡേഴ്സൺ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നീ മേഖലയിൽ ജോലി ചെയ്തു. ഇക്വറ്റോറിയൽ ഗിനിയ സന്ദർശിക്കാനായിരുന്നു ഏറെ പാട്. നാല് മാസമാണ് ഈ രാജ്യം സന്ദർശിക്കാൻ ശ്രമിച്ചത്. പരാജയപ്പെട്ടെന്ന് കരുതിയിടത്തുനിന്ന് അപ്രതീക്ഷിതമായി ഒരു വിസ സ്വന്തമാക്കി. കര അതിർത്തികൾ അടച്ചിരുന്നുവെങ്കിലും, ഇക്വറ്റോറിയൽ ഗിനിയയിൽ ജോലി ചെയ്തിരുന്ന ഒരു അപരിചിതനുമായി കണ്ടുമുട്ടുകയും അദ്ദേഹം വിസ നൽകുകയും ചെയ്തു. മംഗോളിയൻ അതിർത്തിയിൽനിന്ന് ചൈനീസ് വിസ നേടിയ ശേഷം പാകിസ്ഥാനിലേക്ക് പോകാമെന്ന് പെഡേഴ്സൺ കരുതി. എന്നാൽ നീണ്ട പ്രോസസ്സിംഗ് സമയം കാരണം, വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പാകിസ്ഥാനിലെത്താൻ അദ്ദേഹത്തിന് നിരവധി രാജ്യങ്ങളിലൂടെ ഏകദേശം 7,500 മൈൽ സഞ്ചരിക്കേണ്ടി വന്നു.

203 രാജ്യങ്ങളിൽ എത്താൻ നാല് വർഷമെടുക്കുമെന്നാണ് ആദ്യം കണക്കുകൂട്ടിയത്. എന്നാൽ, സിറിയ, ഇറാൻ, നൗറു, അംഗോള തുടങ്ങിയ സ്ഥലങ്ങളിൽ മാസങ്ങളോളം നീണ്ട വിസ കാലതാമസം യാത്ര വൈകിച്ചു. ഘാനയിലെ സെറിബ്രൽ മലേറിയയെ അതിജീവിച്ച അദ്ദേഹം, ഐസ്‌ലാൻഡിൽ നിന്ന് കാനഡയിലേക്കുള്ള അറ്റ്‌ലാന്റിക് കടക്കുന്നതിനിടെ നാല് ദിവസത്തെ തീവ്രമായ കൊടുങ്കാറ്റിനെ അതിജീവിച്ചു. മരണത്തെ മുഖാമുഖം കണ്ടാണ് പലയിടത്തും യാത്ര പൂർത്തിയാക്കിയത്.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹോങ്കോങ്ങിലായിരുന്നു. രണ്ട് വർഷം അവിടെ കുടുങ്ങി. ഹോങ്കോങ്ങിലെത്തിയപ്പോൾ വെറും ഒമ്പത് രാജ്യങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ, യാത്ര ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. കാത്തിരുന്നു. ഒടുവിൽ കൊവിഡ് ഭീതി നീങ്ങി യാത്ര പുനരാരംഭിച്ചു. ഹോങ്കോങ് കാലയളവിൽ നിരവധി സുഹൃത്തുക്കളെ ലഭിച്ചു. സുഹൃത്തുക്കളോടൊപ്പം അത്താഴം പാകം ചെയ്തും നഗരത്തിന്റെ ഭം​ഗിയാസ്വദിച്ചും ജീവിച്ചു. റെഡ് ക്രോസുമായി ചേർന്ന് പ്രവർത്തിച്ചു. ഡാനിഷ് സീമെൻസ് ചർച്ചിൽ ജോലി ചെയ്തു. ഒടുവിൽ എംപ്ലോയ്‌മെന്റ് വിസയും ഹോങ്കോംഗ് റെസിഡൻസിയും നേടി. ‌ഇതിനിടെ ഡെൻമാർക്കിൽ തിരിച്ചെത്തിയ തന്റെ പ്രതിശ്രുത വധു ലെയെ യുഎസ് ആസ്ഥാനമായുള്ള വെർച്വൽ വെഡ്ഡിംഗ് സർവീസ് വഴി വിവാഹം കഴിച്ചു. വിവാഹ ശേഷം ഭാര്യ ഹോങ്കോങ്ങിലെത്തി 100 ദിവസം താമസിച്ചു. എവറസ്റ്റ് കൊടുമുടിയുടെ പകുതിയിലധികം ഉയരത്തിൽ 62 മൈൽ നീളമുള്ള മക്ലെഹോസ് ട്രയൽ പൂർത്തിയാക്കി. കൊവിഡിന് ശേഷം പസിഫിക്കിലൂടെ യാത്ര പുനരാരംഭിച്ചു.

Advertisement