രത്‌നങ്ങളും മുത്തുകളുമൊക്കെ ഭൂമിയിൽ പലയിടങ്ങളിൽ നിന്നു കിട്ടും. കടലിലെ മുത്തുച്ചിപ്പികൾ നിർമിക്കുന്ന മുത്തുകൾ പ്രശസ്തമാണ്. എന്നാൽ തേങ്ങയിൽ ഇത്തരത്തിൽ മുത്തുണ്ടോ?
ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു അഭ്യൂഹമുണ്ട്. നൂറ്റാണ്ടുകളായി ഈ അഭ്യൂഹം നിലനിൽക്കുന്നു. സസ്യനിർമിതമായ രത്നങ്ങളിൽവച്ച് ഏറ്റവും ഏറ്റവും അപൂർവമെന്നു കണക്കാക്കപ്പെടുന്ന മുത്താണ് കോക്കനട്ട് പേൾ. ഇത്തരം മുത്തുകൾ കണ്ടെത്തിയെന്ന് പറഞ്ഞ് ധാരാളം ചിത്രങ്ങളും വാർത്തകളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പലതും തട്ടിപ്പാണെന്നാണ് കണക്കാപ്പെടുന്നത്. പത്തുലക്ഷം തേങ്ങകളെടുത്താൽ അതിൽ ഒന്നിൽ മാത്രം കാണാവുന്നത്ര അപൂർവമാണ് കോക്കനട്ട് പേളെന്നായിരുന്നു വിശ്വാസം.
2019ൽ ഹെന്റി എ ഹാന്നി, കയാര പരെൻസാൻ എന്നീ ശാസ്ത്രജ്ഞർ കോക്കനട്ട് പേളാണെന്ന് സംശയിക്കപ്പെടുന്ന മൂന്ന് വസ്തുക്കളിൽ ഗവേഷണം നടത്തി. ഒരു സ്വകാര്യവ്യക്തിയാണ് പരീക്ഷണത്തിനായി ഇവർക്ക് ആ മുത്തുകൾ നൽകിയത്. അയാളുടെ പിതാവിന് ഇന്തൊനീഷ്യയിൽ നിന്ന് ലഭിച്ചതാണ് ഈ മുത്തുകളെന്നും അറിയിച്ചു. എന്നാൽ ഇത് തേങ്ങയില് നിന്നുള്ളതല്ലെന്നും മറിച്ച് സമുദ്രജീവികളിൽ നിന്നുള്ളതാണെന്നുമായിരുന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ജോർജ് എബർഹാർഡ് റുംഫിയസിനെപ്പോലുള്ള വിഖ്യാത പ്രകൃതിശാസ്ത്രജ്ഞർ കോക്കനട്ട് പേളുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. തേങ്ങയ്ക്കുള്ളിൽ ചിരട്ടയോട് ചേർന്നിടത്താണ് ഈ മുത്തുകൾ വളരുന്നതെന്നാണ് ഇവയെപ്പറ്റിയുള്ള വ്യാഖ്യാനം. മെസ്റ്റിക കലാപ്പ എന്ന പേരാണ് ഈ വിചിത്രരത്നത്തെ അടയാളപ്പെടുത്താൻ റുംഫിയസ് ഉപയോഗിച്ചത്. ഇതെപ്പറ്റിയുള്ള അഭ്യൂഹം വളരാൻ റുംഫിയസിന്റെ ലേഖനം സഹായിച്ചു. ധാരാളം സാഹസികർ ഈ മുത്തു തേടി മലേഷ്യയിലും ഇന്തൊനീഷ്യയിലുമൊക്കെയെത്തി. ഫിലിപ്പീൻസിലെ ആളുകൾക്ക് ഇതെപ്പറ്റി പണ്ടുമുതലേ അറിയാമെന്ന് ചിലർ എഴുതിയിട്ടുണ്ട്. ചില സത്വങ്ങളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്നുമൊക്കെ ഈ മുത്ത് സംരക്ഷണം നൽകുമെന്ന് അവർ വിശ്വസിച്ചിരുന്നത്രേ.
1925ൽ ഡോ.എഫ്.ഡബ്ള്യുടി ഹങ്കർ കോക്കനട്ട് പേളുകളെക്കുറിച്ച് നേച്ചർ ശാസ്ത്രമാസികയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കോക്കനട്ട് പേളുകൾ യാഥാർഥ്യമാണെന്നായിരുന്നു ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം.
2003ൽ കോക്കനട്ട് പേളാണെന്ന വ്യാജേന ഒരു രത്‌നം സിങ്കപ്പൂരിൽ വിൽപനയ്ക്കു വച്ചിരുന്നു. 60000 യുഎസ് ഡോളറായിരുന്നു ഇതിനു വില നിശ്ചയിച്ചിരുന്നത്. കാൽഷ്യം കാർബണേറ്റ് ധാതുവായ അരഗണൈറ്റിലാണ് ഈ മുത്തുണ്ടാകുന്നതെന്നാണ് പറയുന്നത്. എന്നാൽ തേങ്ങയ്ക്കുള്ളിൽ ഇത്തരം കാൽസ്യം കാർബണേറ്റ് ദാതുക്കളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.