കാപ്പി ഉപയോഗിച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി നടത്തിയ ശ്രമം പുറത്ത്

Advertisement

അരിസോണ: ഭര്‍ത്താവിനെ കൊല്ലാൻ ദിവസവും കാപ്പിയില്‍ ക്ലോറിൻ ചേര്‍ത്ത് നല്‍കിയ 34 കാരിയായ യുവതി പിടിയില്‍. യുഎസിലെ അരിസോണയിലായിരുന്നു സംഭവം.
യു.എസ് എയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥനായ റോബി ജോണ്‍സണെ കൊല്ലാനായിരുന്നു ഭാര്യയായ മെലഡി ഫെലിക്കാനോ ജോണ്‍സണ്‍ കാപ്പിയില്‍ മാസങ്ങളോളം ബ്ലീച്ച്‌ ചേര്‍ത്ത് നല്‍കിയത്.

കാപ്പിയില്‍ നിന്ന് വിചിത്രമായ ഗന്ധം വരുന്നതായി റോബിയുടെ ശ്രദ്ധിയില്‍പ്പെട്ടു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ് ഉപയോഗിച്ച്‌ കാപ്പി കപ്പില്‍ പരീക്ഷണം നടത്തി. ഇതില്‍ കപ്പില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാനായി അടുക്കളയില്‍ ഒളിക്യാമറ വെക്കുകയും ചെയ്തു. കോഫി മേക്കറിലേക്ക് എന്തോ ഒരു പദാര്‍ത്ഥം ഭാര്യ പകരുന്നത് ഇതില്‍ പതിഞ്ഞിരുന്നു.

തെളിവുകള്‍ ശേഖരിക്കാനായി കാപ്പി കുടിക്കുന്നതായി അഭിനയിക്കുകയും ചെയ്തതായി സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരമായി ക്ലോറിൻ കാപ്പിയില്‍ ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്താനായിരുന്നു ഭാര്യയുടെ ഉദ്ദേശ്യം. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മരിച്ചാല്‍ ലഭിക്കുന്ന വൻ ആനുകൂല്യമായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെലഡി ഫെലിക്കാനോ ജോണ്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതശ്രമം, ഭക്ഷണത്തിലോ പാനീയത്തിലോ വിഷം കലര്‍ത്തല്‍,ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവില്‍ പിമ കൗണ്ടി ജയിലിലാണ് മെലഡിയുള്ളത്. വിചാരണയില്‍ മെലഡി ജോണ്‍സണ്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.

Advertisement