പിഎസ്ജിക്ക് പുതിയ സൈനിങ്. ബെന്‍ഫിക്കയില്‍ നിന്ന് പോര്‍ച്ചുഗീസ് താരം ഗോണ്‍സാലോ റാമോസിനെ പിഎസ്ജി സ്വന്തമാക്കി. കിലിയന്‍ എംബാപ്പെ ക്ലബ് വിടാനൊരുങ്ങവെയാണ് മുന്നേറ്റതാരത്തെ പിഎസ്ജി ടീമിലെത്തിച്ചത്. 22 കാരനായ റാമോസ് കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടി 30 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍ നേടിയിട്ടുണ്ട്.
80 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം726 കോടിരൂപ) താരത്തെ പിഎസ്ജി റാഞ്ചിയത്. താരത്തെ സ്വന്തമാക്കിയ വിവരം പിഎസ്ജി ഔദ്യോഗികമായി പുറത്തുവിട്ടു. പുതിയ സീസണിന് മുന്നോടിയായി പിഎസ്ജി സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് റാമോസ്. 2022 ലോകകപ്പില്‍ പോര്‍ച്ചുഗലിനായി മിന്നും പ്രകടനം നടത്തിയ താരമാണ് റാമോസ്. ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകള്‍ സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈഡ് ബഞ്ചിലിരുത്തി റാമോസിനെ ഇറക്കിയത് വന്‍ വിവാദമായിരുന്നു.
അതേസമയം, പിഎസ്ജി മാനെജ്മെന്റ് എംബാപ്പെയുമായുള്ള കരാറിനെത്തുടര്‍ന്നുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. പരിശീലനത്തിനായി താരം ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. 24-കാരനായ എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാര്‍ അവസാനിക്കാന്‍ ഒരുവര്ഷംകൂടിയുണ്ട്. എന്നാല്‍, അടുത്തവര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു. ഇതോടെ താരത്തെ ഫ്രീട്രാന്‍സ്ഫറില്‍ വിടുന്നത് ഒഴിവാക്കാന്‍ ക്ലബ്ബ് കരാര്‍ പുതുക്കാനാവശ്യപ്പെട്ടു. ഇത് അദ്ദേഹം എതിര്‍ക്കുകയും ചെയ്തതോടെയാണ് ക്ലബ്ബും എംബാപ്പെയും തമ്മില്‍ തര്‍ക്കമായത്. വലിയ തുക വാഗ്ദാനംചെയ്ത് ക്ലബ്ബ് മാനേജ്മെന്റ് കരാര്‍ പുതുക്കാന്‍ ഇടപെട്ടെങ്കിലും എംബാപ്പെ വഴങ്ങിയില്ല. ക്ലബ്ബുമായുള്ള തര്‍ക്കം തുടരവേ, ജപ്പാനിലും ദക്ഷിണകൊറിയയിലുമായിനടന്ന പ്രീസീസണ് പര്യടനത്തിലും എംബാപ്പെ ഉള്‍പ്പെട്ടില്ല. ഇതേസമയത്ത് ക്ലബ്ബ് അദ്ദേഹത്തോട് പരിശീലനത്തിനെത്താനാവശ്യപ്പെട്ടിരുന്നു. വരുന്ന ദിവസങ്ങളില്‍ എംബാപ്പെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റയല്‍ മാഡ്രിഡാണ് എംബാപ്പെയ്ക്കായി മുന്നിലുള്ളത്. ലോക റെക്കോഡ് ട്രാന്‍സ്ഫറിനാണ് റയല്‍ ശ്രമിക്കുന്നത്.
അതിനിടെ, പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും പിഎസ്ജി വിടാനുള്ള തയാറെടുപ്പിലാണ്. ബാഴ്സലോണ പ്രസിഡന്റ് ലാപോര്‍ട്ട നെയ്മറുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബാഴ്സലോണ പരിശീലകന് സാവി സമ്മതം മൂളിയാല്‍ നെയ്മര്‍ ക്ലബ്ബിലേക്ക് ഒരിക്കല്‍ക്കൂടിയെത്തും.