‘‘എന്നാലും ഇതെങ്ങനെ സാധിച്ചു?’’ ആദ്യം കാണുന്നവർക്ക് തോന്നാവുന്ന സംശയമാണ് ഇത്. കാരണം ഒരു കാർ ഇടിച്ചു കയറിയത് വീടിന്റെ രണ്ടാം നിലയിലേക്കാണ്. അമേരിക്കയിലെ പെൻസിൽവാനിയയിൽ, അമിതവേഗത്തിൽ എത്തിയ ടൊയോട്ട കൊറോള വീടിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പെൻസിൽവാനിയയിലെ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റായ ജംക്ഷൻ ഫയർ കമ്പനിയാണ് അപകടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അപകടം മൂലം വീടിനു മുകളിൽ വലിയൊരു ദ്വാരമുണ്ടായെന്നും ജംക്ഷൻ ഫയർ കമ്പനി പറയുന്നു.
ഇരുപതുകാരനായ ഇവാൻ മില്ലറാണ് വാഹനം ഓടിച്ചിരുന്നത്. ഇത് അറിയാതെ സംഭവിച്ച അപകടമല്ലെന്നും ഇവാൻ മനപൂർവം ചെയ്തതുമാണെന്നാണ് പെൻസിൽവാനിയ പൊലീസ് പറയുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരുക്കുകളില്ല. ഇവാനെതിരെ 5 വർഷം മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.