നീല ഞണ്ടുകളുടെ വര്‍ധനവ്; പൊറുതിമുട്ടി ഇറ്റലി

Advertisement

ഇറ്റലിയിലെ ജലാശയങ്ങളില്‍ ബ്ലൂ ക്രാബ് ഇനത്തില്‍പ്പെട്ട ഞണ്ടുകളുടെ വര്‍ധനവ് ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്നു. ആക്രമണകാരികളായ ഞണ്ടുകള്‍ ഇറ്റലിയിലെ സമുദ്ര ആവാസ വ്യവസ്ഥയെ തകര്‍ക്കും എന്ന സ്ഥിതി വന്നതോടെ അവയെ ഇല്ലായ്മ ചെയ്യാനായി ബജറ്റില്‍ നിന്നും 26 കോടി രൂപ (2.9 മില്യന്‍ യൂറോ) ഇറ്റാലിയന്‍ ഭരണകൂടം നീക്കിവച്ചു. കക്കകളുടെ ഉദ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയുടെ ഉത്പാദനമേഖലയെ തന്നെ നാശമാക്കാന്‍ തക്ക ശക്തരാണ് ഈ ഞണ്ടുകള്‍.
നീല, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളിലുള്ള പുറം തോടുകളാണ് ഈ ഞണ്ടുകള്‍ക്ക് ഉള്ളത്. നാലുവര്‍ഷത്തിനടുത്താണ് ആയുര്‍ദൈര്‍ഘ്യം. എത്ര ശ്രമിച്ചാലും പൂര്‍ണമായി ഇവയെ നീക്കം ചെയ്യാവുന്ന സാഹചര്യമല്ല നിലവില്‍ ഇറ്റലിയിലുള്ളത്. പിടികൂടുന്ന ഞണ്ടുകള്‍ക്ക് വില്‍പ്പന സാധ്യതയും കുറവാണ്. അതിനാല്‍ ജലാശയങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നവയെ കൂട്ടമായി മറവ് ചെയ്യുകയാണ്.
പ്രാദേശിക ഷെല്‍ഫിഷുകള്‍ അടക്കമുള്ള ജലജീവികളെയാണ് ഇവ ഭക്ഷണമാക്കുന്നത്. ഇവയുടെ സാന്നിധ്യം മൂലം രാജ്യത്തെ അക്വാ ഫാമുകള്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും ചരക്ക് കപ്പലുകളില്‍ കടന്നുകൂടിയാവാം ബ്ലൂ ക്രാബുകള്‍ ഇറ്റലിയില്‍ എത്തിയത് എന്നാണ് നിഗമനം.

Advertisement