ബൊഗോട്ട. കൊളംബിയയിലെ വിമാനപകടത്തില്‍പ്പെട്ട് ആമസോണ്‍ കാടുകളില്‍ നിന്ന് അതിജീവിച്ച കുട്ടികളുടെ പിതാവിനെ ലൈംഗികാതിക്രമത്തില്‍ അറസ്റ്റ് ചെയ്തു.
നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവല്‍ റനോക്ക്‌നെയാണ് ലൈംഗിക ആരോപണക്കേസില്‍ അറസ്റ്റ് ചെയ്തത്.
ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനോക്കിനെ അറസ്റ്റ് ചെയ്തത്. പത്ത് വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം. എന്നാല്‍ മാനുവല്‍ റനോക്ക് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.
ആമസോണ്‍ കാടുകളില്‍ നിന്ന് രക്ഷിച്ച കുട്ടികളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു കുട്ടികള്‍.
മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന- 206 വിമാനം തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്ബതും വയസും പ്രായമുള്ള ആണ്‍കുട്ടികളും അവരുടെ 13 വയസുള്ള സഹോദരിയുമാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.